കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യം അടച്ചുപൂട്ടലിലേക്ക് പോയതിന് പിന്നാലെ ഐടി കമ്പനികൾ നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം സംവിധാനം തുടരാൻ തീരുമാനം. വാക്‌സിനേഷന്‍ ആരംഭിച്ച് പകുതി പേര്‍ക്കെങ്കിലും എത്തിയതിന് ശേഷം ഓഫീസ് തുറന്നാല്‍ മതിയെന്നാണ് മിക്ക കമ്പനികളുടെയും നിലപാട്. വര്‍ക്ക് ഫ്രം നടപ്പാക്കിയത് മുതല്‍ യാതൊരു കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രോജക്ടുകള്‍ക്കോ തടസങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല. മാത്രമല്ല, ഉത്പാദന ക്ഷമത വര്‍ദ്ധിച്ചെന്നും ചെലവ് വലിയ തോതില്‍ കുറഞ്ഞെന്ന വിലയിരുത്തലും കമ്പനികള്‍ക്ക് ഉണ്ട്.
കേരളത്തില്‍ ഏതാണ്ട് ഒരു ലക്ഷം ഐ. ടി ജീവനക്കാര്‍ ഇപ്പോള്‍ വീട്ടിലിരുന്നു പണി ചെയുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ 410 കമ്പനികളിലായി 60,000 ഐടി ജീവനക്കാരുണ്ട്. കൊച്ചിയിലെ ഇൻഫോ പാർക്കിൽ 40,000 പേരും ജോലി ചെയ്യുന്നു. കോഴിക്കോട്ടെ സൈബർ പാർക്ക് ചെറുതാണ്. മൂന്നു പാർക്കുകളിലുമായി 800 ഐടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രധാനനഗരങ്ങളിൽ ഐറ്റി പാർക്കുകൾ കേന്ദ്രീകരിച്ചല്ലാതെ പ്രവർത്തിക്കുന്ന ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനിയിലെ ജീവനക്കാരും ജോലിസ്ഥലം വീടാക്കിമാറ്റിക്കഴിഞ്ഞു.
ഇന്ത്യയില്‍ 16,000 ജീവനക്കാരാണ് യുഎസ്ടി ഗ്ലോബലിനുള്ളത്. വെറും 1200 പേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നത്. ടിസിഎസ്, വിപ്രോ എന്നീ പ്രമുഖ കമ്പനികളിലെയും ജീവനക്കാരില്‍ 98 ശതമാനവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വിദേശത്തുള്ള ഇടപാടുകാരുടെ ഓഫീസുകളിലേക്കുള്ള യാത്രകള്‍ക്കുള്ള ചെലവ് ഇനത്തില്‍ മാത്രം വലിയ തുകയാണ് മിക്ക കമ്പനികളും ഈ കൊറോണ കാലത്ത് ലാഭിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കമ്പനിക്ക് 200 കോടിയിലേറെ രൂപയാണ് വിദേശ യാത്രകള്‍ക്ക് വേണ്ടി മാത്രം ചെലവാക്കിയത്. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും ലാഭിച്ചിരിക്കുകയാണ്.
പല ഐടി പാര്‍ക്കുകളിലും വെള്ളം, ഗതാഗതം, ഭക്ഷണം, വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജ് എന്നിങ്ങനെയുള്ള ചെലവുകളില്‍ കാര്യമായ കുറവാണ് സംഭവിച്ചത്. കൂടാതെ അമേരിക്കയും, യൂറോപ്പും തമ്മിലുള്ള സമയ വ്യത്യാസത്തിലെ ബുദ്ധിമുട്ടുകള്‍ വര്‍ക്ക് ഫ്രം ഹോമില്‍ ഇല്ലാതായി. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനില്‍ കമ്പനി നടത്തുമ്പോള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇനത്തില്‍ കമ്പനിക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമാകില്ല എന്നത് കമ്പനികൾക്ക് ഏറെ ഗുണപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: