ചെന്നൈ: ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളക്ടറേറ്റ് കെട്ടിടം നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. പുതുതായി രൂപീകരിക്കപ്പെട്ട കള്ളക്കുറിച്ച് ജില്ലയിലാണ് ആയിരം കൊല്ലത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം.
അതേ സമയം നിര്‍ദേശം അന്തിമമായി അംഗീകരിക്കപ്പെടുന്നത് വരെ സ്ഥലത്തിന്റെ രൂപവും ഭാവവും മാറ്റുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കുന്ന ഇടക്കാല സ്റ്റേ മാറ്റാന്‍ ഹൈക്കോടതി ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അംഗങ്ങളായ ഒന്നാം ബെഞ്ചിന്റേതാണ് ഈ വിധി. സാമൂഹ്യപ്രവര്‍ത്തകനായ രംഗരാജന് നരസിംഹന് നല്കിയ പൊതുതാല്പര്യ റിട്ട് പെറ്റീഷനിലാണ് ഈ വിധി.
കള്ളക്കുറിശ്ശിയിലെ അര്ധനാരീശ്വരക്ഷേത്രത്തിന്റെ ഭൂമി സര്‍ക്കാരിന് കളക്ടറേറ്റ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ വേര്‍തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കുന്ന 2020 സപ്തംബര്‍ 19ലെ സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ത്തുകൊണ്ടാണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിക്കപ്പെട്ടത്. സംരക്ഷണമില്ലാത്തിനാല് ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണെന്ന് പരാതിക്കാരന് സബ്മിഷനില്‍ പറയുന്നു. ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു വരുമാനം ക്ഷേത്രം വക ഭൂമിയാണെന്നും ഈ ഭൂമി വേര്‍തിരിച്ചെടുക്കുകയാണെങ്കില്‍ അത് ക്ഷേത്രം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകണമെന്നും പരാതിക്കാരന് വാദിച്ചു.
സമൂഹത്തിന്റെ വിശാല താല്പര്യങ്ങള്ക്ക് വേണ്ടി പൊതു താല്പര്യാര്ത്ഥം ഭൂമി ഉപയോഗിക്കണമെന്ന നിര്‍ദേശം കണക്കിലെടുത്ത് കള്ളക്കുറിശ്ശി ജില്ലാ കളക്ടറും ജില്ലാ ജഡ്ജിയും അംഗങ്ങളായ ഒരു രണ്ടംഗ സമിതി എത്രഭൂമിയാണ് വേര്തിരിച്ചെടുക്കേണ്ടതെന്ന് നിശ്ചയിക്കണമെന്നും അതിന്റെ വില കണക്കാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ സമിതി കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയം അനുവദിച്ചുകൊണ്ട് കോടതി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: