തിരുവനന്തപുരം: ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി ആറ്റുകാലില്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രമായ ഇന്നലെ രാവിലെ 9.45നായിരുന്നു കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ്. ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ പാട്ടുതുടങ്ങി. പഞ്ചലോഹത്തില്‍ നിര്‍മിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്.
പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തി പി. ഈശ്വരന്‍നമ്പൂതിരിയുടെ കൈയിലും കെട്ടി. വ്രതശുദ്ധിയോടെ തയാറാക്കുന്ന കാപ്പും, കെട്ടാനുള്ള പുറുത്തിനാരും ഒന്നാം ദിവസത്തെ പാട്ടിന്റെ നടത്തിപ്പുകാരായ നെടിയവിളാകം കുടുംബക്കാരാണ് നല്‍കുന്നത്. ഉത്സവം കഴിയുന്നതു വരെ മേല്‍ശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തുടരും. വൈകിട്ട് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രനടന്‍ നെടുമുടി വേണു നിര്‍വ്വഹിച്ചു. ആറ്റുകാല്‍ ട്രസ്റ്റിന്റെ അംബാ പുരസ്കാരം നെടുമുടി വേണുവിന് സമ്മാനിച്ചു.
27നാണ് പൊങ്കാല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ക്ഷേത്ര ചുറ്റളവില്‍ പരമ്പരാഗത രീതിയിലുള്ള പൊങ്കാല ഇല്ല. പകരം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം. പാട്ടുപുരയുടെ സമീപത്തായി പണ്ടാര അടുപ്പില്‍ ട്രസ്റ്റ് വക പൊങ്കാല നടക്കും. പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേല്‍ശാന്തി അനുഗമിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ മടങ്ങിയെത്തി പിറ്റേന്ന് കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: