കോഴിക്കോട് : പിഎസ്സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന തസ്തികകളിലും താത്കാലിക ജീവനക്കാരുടെ വ്യാപക നിയമനം. പിഎസ്സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമാണ് കരാര്‍ അടിസ്ഥാനത്തിലും മറ്റും താത്കാലിക ജീവനക്കാരെ നിയമിക്കുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പൊള്ളയായ വാദമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിലവില്‍ പിഎസ്സിക്ക് വിട്ടിട്ടുള്ള എല്‍ഡിവി(ഡ്രൈവര്‍) തസ്തികയില്‍ റാങ്ക് പട്ടിക നിലനില്‍ക്കെയാണ് 51 താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ വ്യവസായ വാണിജ്യ വകുപ്പിലും 10 പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 6 ലാസ്റ്റ് ഗ്രേഡ്, 2 എല്‍ഡി ക്ലാര്‍ക്ക്, 2 ഡ്രൈവര്‍ എന്നിങ്ങനെയായിരുന്നു വ്യവസായ- വാണിജ്യ വകുപ്പിലെ സ്ഥിരപ്പെടുത്തല്‍.
റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ പരിഗണിക്കാതെ താത്കാലിക ജീവനക്കാരെ നിയമിച്ച് ഇവര്‍ക്ക് തന്നെ സ്ഥിരനിയമനം നല്‍കുന്നതായി സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ നേരത്ത ആരോപിച്ചിരുന്നു. ഇവരുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക നിലനില്‍ക്കവെ പരിയാരം, പാലക്കാട് മെഡിക്കല്‍ കോളേജുകളില്‍ താത്ക്കാലിക നഴ്സുമാരെ സ്ഥിരപ്പെടുത്തിയിരുന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. ഇത്രയും പേരെ സ്ഥിരപ്പെടുത്തിയിട്ടും പിഎസ്സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുള്ളൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. തുടര്‍ ഭരണം ലഭിച്ചാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്നും മുഖ്യമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.
അതേസമയം സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചേക്കുമെന്ന് സൂചന. ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നിര്‍ദേശിച്ചിരുന്നതിനാല്‍ മന്ത്രിമാരുടെ സംഘം ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: