വിജയയാത്ര എന്തിന്?
അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിജയയാത്ര. കേരളത്തില്‍ മാറിമാറി ഭരണത്തിലിരുന്ന എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ അഴിമതി നടത്താനാണ് മത്സരിച്ചത്. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കാനോ വികസനപദ്ധതികള്‍ സുതാര്യമായി നടപ്പിലാക്കാനോ ഇരുമുന്നണി സര്‍ക്കാരുകള്‍ക്കും കഴിഞ്ഞില്ല. കൈവച്ച പദ്ധതികളിലെല്ലാം അഴിമതി നടത്തി. പാലം നിര്‍മ്മിച്ചപ്പോഴും കെട്ടിടം വച്ചപ്പോഴും കയ്യിട്ടുവാരി. ജനങ്ങളുടെ സുരക്ഷിതത്വത്തിനുപോലും വിലകല്പിക്കാതെയാണ് പാലം പണിയിലും സ്കൂള്‍കെട്ടിട നിര്‍മ്മാണത്തിലുമെല്ലാം അഴിമതി നടത്തിയത്. രണ്ടു സര്‍ക്കാരുകള്‍ കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ചപ്പോഴുള്ള വിവരങ്ങള്‍ ശേഖരിച്ചാല്‍ അഴിമതി നടത്താത്ത ഒറ്റമേഖലയുമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ സരിതയായിരുന്നെങ്കില്‍ എല്‍ഡിഎഫ് കാലത്ത് കോണ്‍സുലേറ്റ് സ്വപ്നയാണ് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്മാരായത്. സ്വര്‍ണ്ണക്കള്ളക്കടത്തിനു കൂട്ടുനില്‍ക്കുന്ന, ഡോളര്കള്ളക്കടത്ത് നടത്തുന്ന ഭരണാധികാരികളുള്ള നാട്ടില്‍ എങ്ങനെ സംശുദ്ധ ഭരണം സൃഷ്ടിക്കപ്പെടും.
നാല് വോട്ടിന് വേണ്ടി ആരെയും പ്രീണിപ്പിക്കുന്ന നയമാണ് രണ്ടു മുന്നണികളും പിന്തുടരുന്നത്. മതപ്രീണനം നടത്തി വോട്ടുനേടാമെന്ന മോഹത്തിലാണ് രണ്ടുകൂട്ടരും. അതിനായി എന്ത് നെറികെട്ടപ്രവര്ത്തനങ്ങളും നടത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര പദ്ധതികള്‍ ഒരു പ്രത്യേക വിഭാഗത്തിനുമാത്രമാണ് ലഭിച്ചതെന്ന് ന്യൂനപക്ഷങ്ങളായ മറ്റുവിഭാഗങ്ങള്‍ പരാതിപ്പെടുന്നു. എല്ലാവരെയും ഒരുപോലെ പരിഗണിക്കേണ്ട സര്‍ക്കാരുകള്‍ ഒരുവിഭാഗത്തിനെ മാത്രം തൃപ്തിപ്പെടുത്താന്‍ മത്സരിക്കുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്തും പിണറായി സര്‍ക്കാരും
ചരിത്രത്തിലില്ലാത്ത തരത്തിലുള്ള അഴിമതിയും കൊള്ളയും നടത്തിയ സര്‍ക്കാരാണ് പിണറായി വിജയന്റെത്. സ്വര്‍ണ്ണക്കള്ളക്കടത്തിനും ഡോളര്കടത്തിനുമൊക്കെ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കൂട്ടു നില്ക്കുന്ന വിവരം പുറത്തുവരികയും അന്വേഷണ ഏജന്‍സികള്‍ അതുകണ്ടെത്തുകയും ചെയ്തിട്ടും, ആ വലിയ തെറ്റിനെ ന്യായീകരിക്കുകയും കള്ളന്മാര്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. വലിയ അഴിമതികളുടെ പേരിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനം നിരാകരിച്ചത്. അവരുടെ അഴിമതികള്‍ ജനങ്ങളുടെ മുന്നിലവതരിപ്പിച്ചും അഴിമതിക്കെതിരെ പോരാടുമെന്ന് ജനങ്ങളോട് ആണയിട്ട് പ്രതിജ്ഞചെയ്തുമാണ് പിണറായി മുഖ്യമന്ത്രി കസേരയിലേക്ക് കയറിയത്. എന്നാല്‍ അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ കേമനാണെന്ന് കാട്ടാനാണ് പിണറായിവിജയന് ശ്രമിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ സോളാര്‍സരിത കയറിയിറങ്ങിയപ്പോള്‍ പിണറായിയുടെ ഓഫീസില്‍ കോണ്‍സുലേറ്റ് സ്വപ്ന സ്ഥിരതാമസമാക്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ പ്രധാന പ്രതിയായി. താനാണ് അഴിമതിയില്‍ മുന്നിലെന്ന് ബോധ്യപ്പെടുത്താനുള്ള മത്സരമാണ് ഉമ്മന്‍ചാണ്ടിയും പിണറായിയും തമ്മില്‍ നടന്നത്.
നരേന്ദ്രമോദിയുടെ വികസന അജണ്ട
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷമാണ് വികസനക്കുതിപ്പ് അനുഭവപ്പെട്ടത്. റോഡ്, റെയില്‍, തുറമുഖം, നഗരങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ഐടി, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തില്‍ വലിയ വികസനപ്രവര്ത്തനങ്ങളാണുണ്ടായത്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള പദ്ധതി നിര്‍വ്വഹണത്തിന് കയ്യയച്ച് പണം നല്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായി. കേന്ദ്ര പദ്ധതികള്‍ പലതും പേരുമാറ്റി സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിച്ചത്. എന്നാല്‍ പ്രബുദ്ധരായ മലയാളി അത് തിരിച്ചറിഞ്ഞു. ഇന്ത്യയുടെ വികസന നായകനായി നരേന്ദ്രമോദിയെ ലോകമെങ്ങും വാഴ്ത്തുകയാണ്. കേരളത്തിലേക്ക് കൂടുതല്‍ വികസനമെത്താന്‍ നരേന്ദ്രമോദിക്കൊപ്പം നില്ക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരികയാണ് വേണ്ടത്. വിജയയാത്രയിലുടനീളം ഞങ്ങള്‍ ജനങ്ങളോട് പറയുന്നത് ഇത്തരം കാര്യങ്ങളാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുന്നതിലൂടെ അഴിമതിവിമുക്തവും പ്രീണനവിരുദ്ധവുമായതും സമഗ്രവികസനത്തിനുതകുന്നതുമായ ഭരണസംവിധാനത്തിലേക്കു വഴിതുറക്കുകയാകും ചെയ്യുന്നത്.
ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികള്‍ക്ക്
വിജയയാത്രയില്‍ ഉന്നയിക്കപ്പെടുന്ന പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് ക്ഷേത്രങ്ങള്‍ ആരു ഭരിക്കണമെന്നത്. ഒരു മതത്തിന്റെയും ആരാധനാലയങ്ങള്‍ ഭരിക്കാനും അവിടുത്തെ വരുമാനം കൈകാര്യം ചെയ്യാനും സര്‍ക്കാരുകള്‍ക്ക് അവകാശമില്ല. മതേതര സര്‍ക്കാരാണെന്ന് പറയുന്നവര്ക്കെങ്ങനെ ഹൈന്ദവക്ഷേത്രങ്ങളെ മാത്രം ഭരിക്കാനാകും. ഹിന്ദു ആരാധനാലയങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ ഭരിക്കുകയാണിപ്പോള്‍ കേരളത്തിലെ സര്‍ക്കാരുകള്‍. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നശിപ്പിക്കപ്പെടുന്നു. ചില ക്ഷേത്രങ്ങളുടെ ഭരണം സിപിഎമ്മുകാര്‍ പിടിച്ചെടുത്തു. ദൈവം ഇല്ലെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ക്ഷേത്രം ഭരിക്കുന്ന നാട്ടില്‍ ക്ഷേത്ര വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടില്ല. ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാക്കും. ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ക്ഷേത്ര വിശ്വാസികള്‍ക്ക് നല്‍കും. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളെ എല്ലാം ഉള്‍പ്പെടുത്തി ഏകീകൃത ഭരണ സംവിധാനം സൃഷ്ടിക്കും. ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികള്‍ക്ക് എന്നതാണ് ബിജെപിയുടെ നിലപാട്.
ജനക്ഷേമം മുന്നില്‍ നിര്‍ത്തി മാനിഫെസ്റ്റോ
ജനക്ഷേമവും സമഗ്രവികസനവും മുന്‍നിര്‍ത്തിയാകും ഇത്തവണ ബിജെപി മാനിഫെസ്റ്റോ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ബിജെപി മുന്‍സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനംരാജശേഖരന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്. പ്രമുഖരടങ്ങിയ മാനിഫെസ്റ്റോ കമ്മിറ്റി എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള, സംശുദ്ധ ഭരണത്തിനുതകുന്ന പദ്ധതികളാകും ആവിഷ്കരിക്കുക. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ബിജെപിയുടെ നയം, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണവും കേന്ദ്രഭരണവും നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസ്സിലാകും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം
ബിജെപി പ്രവര്‍ത്തകര്‍ തദ്ദേശതെരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് വളരെ സജീവമാണ്. ബൂത്തുതല പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് പ്രഭാരിയായി കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി പ്രഹഌദ് ജോഷി എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും കേരളത്തില്‍ തന്നെയുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് സി.പി. രാധാകൃഷ്ണന്, കര്‍ണ്ണാടകത്തില്‍ നിന്നുള്ള സുനില്‍കുമാര്‍ എന്നിവരും കേരളത്തില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കേരളത്തിലെത്തിയിരുന്നു. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയപ്പോഴും കേരളത്തിലെ ബിജെപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. വീണ്ടും പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി കേരളത്തിലെത്തും. ഇത്തവണ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ കൂടുതല്‍ സമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്നുണ്ട്. വിജയയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന മാര്‍ച്ച് 7ന് പൊതുയോഗത്തില്‍ അമിത്ഷാ പങ്കെടുക്കും. പിന്നീടുള്ള ദിവസങ്ങളിലും അമിത്ഷായുടെ സാന്നിധ്യം കേരളത്തിലുണ്ടാകും. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ വീണ്ടും എത്തും.
വിജയയാത്രയ്ക്കൊപ്പം പ്രമുഖരെത്തും
വിജയയാത്രയ്ക്കൊപ്പം പതിനായിരങ്ങള്‍ ഓരോജില്ലയിലും അണിനിരക്കും. അതോടൊപ്പം പ്രമുഖരായ നിരവധിപേര്‍ ബിജെപിക്കൊപ്പം ചേരും. മെട്രോമാന് ഇ.ശ്രീധരനെകൂടാതെ പലരും എത്തും. മറ്റു രാഷ്ട്രീയത്തിലുള്ളവരും രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരും അക്കൂട്ടത്തിലുണ്ടാകും. യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മഹാറാലികളില്‍ ബിജെപി അഖിലേന്ത്യാ നേതാക്കളും, കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോര്‍ജ്ജ് കുര്യന്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫൂല്കൃഷ്ണന്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. എം.ടി.രമേശാണ് യാത്രയുടെ സംയോജകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: