ന്യൂദല്‍ഹി : മെട്രോമാന് ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയ്ക്കെതിരെ പാര്‍ട്ടി. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മിലിന്ദ് ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ട്വിറ്ററിലൂടെ മിലിന്ദ് അതിന് മറുപടിയും നല്കി. തികഞ്ഞ പ്രൊഫഷണലും വൈദഗ്ധ്യമുള്ള എന്‍ജിനീയറും ബ്യൂറോക്രാറ്റുമാണ് ശ്രീധരന്. അദ്ദേഹം രാജ്യത്തിന്റേതുമാണ്. അദ്ദേഹത്തെപ്പോലെയുള്ള കൂടുതല്‍ ആളുകളെ നമ്മുടെ രാഷ്ട്രീയരംഗത്തിന് ഇനിയും ആവശ്യമുണ്ട് എന്നായിരുന്നു മുംബൈ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ആകേണ്ട കാര്യമില്ലെന്നും മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു. ഇതോടെ മിലിന്ദിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
ഇതിന് മുമ്പ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വിരാളിനെ അഭിനന്ദിച്ചതിനും മിലിന്ദ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടതിനു പിന്നാലെ വികസനത്തില്‍ ഊന്നിയുള്ള പ്രചാരണം നടത്തിയ കേജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്ന് മിലിന്ദ് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മിലിന്ദിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: