മാനന്തവാടി: വര്‍ഷങ്ങളായിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളില്ല. ആസന്നമായ തിരഞ്ഞെടുപ്പില്‍ രാഷ്ട്രിയത്തിനതീതമായി വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങി പഞ്ചാരക്കൊല്ലി പ്രദേശവാസികള്‍. മാനന്തവാടി നഗരസഭയിലെ രണ്ട് ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന പിലാക്കാവ് മുതല്‍ പഞ്ചാരക്കൊല്ലി വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡിലൂടെയുള്ള യാത്ര ഏറെ അസഹനീയമായി തീര്‍ന്നിരിക്കുകയാണ്.
പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, ഫാക്ടറി, ഡിടിപി സി യുടെ വിനോദസഞ്ചാര കേന്ദ്രം എന്നിവയിലേക്കെല്ലാമായി നിത്യേന നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. 500 നടുത്ത കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണിത്. 10 വര്‍ഷമായി യാതൊരു വിധ അറ്റകുറ്റപണികളും റോഡില്‍ നടത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വ്യാപകമായ നാശ നഷ്ട്ടങ്ങള്‍ സംഭവിച്ച പ്രദേശം കൂടിയാണിത്.
തുടര്‍ച്ചയായി രണ്ട് വര്‍ഷം അന്തരാഷ്ട്ര സൈക്കിളിങ്ങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിലെ ട്രാക്കിലായിരുന്നു. എസ് റ്റേറ്റിന്റ് എംഡിമാരായ സബ്ബ് കളക്ടര്‍മാരും വര്‍ഷങ്ങളായി പതിവായി ഈ റോഡിലൂടെ യാത്ര ചെയ്യുന്നവരാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രിയദര്‍ശിനി സന്ദര്‍ശിച്ചതും ഇതേ റോഡിലൂടെയാണ് എന്നാല്‍ തങ്ങളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കക്ഷിഭേദമന്യേ നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു.
ഓട്ടോറിക്ഷകള്‍ പോലും സര്‍വ്വീസ് നടത്താന്‍ മടിക്കുന്ന റോഡിലൂടെ ഗര്‍ഭിണികളെയും അവശരായ രോഗികളെയുമെല്ലാം ഭയപ്പാടോടെയാണ് ഈ വഴി ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നത്. റോഡ് നിര്‍മ്മാണത്തിന് കൊടികള്‍ പാസായതായി പറയപ്പെടുന്നുണ്ടെങ്കിലും രണ്ട് ടിപ്പര്‍ മാത്രമാണ് റോഡില്‍ ഇറക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. തങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ ഒന്നടങ്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: