കണ്ണൂര്‍: നാല്പത് വര്‍ഷക്കാലം കേരളം ഭരിച്ച് ഇതുവരെ വികസനമെത്തിക്കാത്തതിലുള്ള കുറ്റസമ്മത യാത്രയാണ് ഇടതു-വലതു മുന്നണികള്‍ നടത്തിയതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിജയരാഘവന്റെ വികസനമുന്നേറ്റ യാത്ര വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കുന്നതാണ്.
ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. വിജയരാഘവന്റെ യാത്രയിലൂടെ പറയുന്നത് അതെല്ലാം ഇടതു സര്‍ക്കാരിന്റെ സംഭാവനയാണെന്നാണ്. കേന്ദ്രപദ്ധതികള്‍ കേരളത്തിന്റെതായി മാറ്റുന്നതും പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി അവതരിപ്പിക്കുന്നതുമായ ഒരു യാത്രയാണ് വിജയ രാഘവന് നടത്തിയത്. ഇടതു വലതു മുന്നണികളുടെ യാത്ര കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളം ഇതുവരെ ഭരിക്കാത്ത ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള അവസരമാണ്. സമസ്ത മേഖലയിലും കഴിഞ്ഞ ആറ് വര്‍ഷമായി കേരളം കൊണ്ടുവന്നിട്ടുള്ള വികസന പദ്ധതികള്‍ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. ആരാണ് വികസന വിരോധികളെന്നും ആരാണ് ഐശ്വര്യ കേരളം കെട്ടിപ്പടുക്കാന്‍ പോകുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്.
വികസിത കേരളം കെട്ടിപ്പടുക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നത് പൊതുസമൂഹം തിരിച്ചറിഞ്ഞതിനാല്‍ സമസ്ത മേഖലയിലുമുള്ളവര്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര യില്‍ അണിനിരക്കുമെന്ന് വ്യക്തമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാകും. ചര്‍ച്ച ചെയ്യപ്പെടാത്ത നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതോടൊപ്പം പുതിയ ആളുകള്‍ പല സ്ഥലങ്ങളിലായി ജാഥയോടൊപ്പം അണിചേരും.
ഇടതു വലതു മുന്നണികളില്‍ അസംതൃപ്തരായ വലിയൊരു വിഭാഗമുണ്ട്. സാധാരണക്കാരുടെ പ്രതീക്ഷ തച്ച് തകര്‍ക്കുന്ന സമീപനമാണ് കേരളത്തില്‍ ഇതുവരെ അധികാരത്തിലെത്തിയവര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള പിന്‍വാതില്‍ നിയമനമാണ് ഇവിടെ നടത്തുന്നത്. അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന ഒരു പ്രതീക്ഷയുമില്ല. ഇരു മുന്നണികളും ഇതില്‍ പൂര്‍ണ്ണ ഉത്തരവാദികളാണ്. ഏറ്റവും താഴെത്തട്ടില്‍ വരെ ചിട്ടയായ പ്രവര്‍ത്തനം നടത്തി വിജയയാത്രയില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ കെ. സുരേന്ദ്രന് നയിക്കുന്ന യാത്ര കണ്ണൂരില്‍ വലിയ വിജയമായിരിക്കുമെന്നും ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: