കണ്ണൂര്‍: അഴിമതി വിരുദ്ധം, പ്രീണന വിരുദ്ധം, സമഗ്ര വികസനം, പുതിയ കേരളത്തിനായി എന്നീ മുദ്രാവാക്യങ്ങളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് 22ന് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പയ്യന്നൂര്‍, ഇരിട്ടി, പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്വീകരണം.
21ന് വൈകുന്നേരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുന്ന യാത്ര 22ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കാലിക്കടവില്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ നല്കുന്ന സ്വീകരണത്തില്‍ കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 12 മണിക്ക് ഇരിട്ടിയിലെ സ്വീകരണ പരിപാടിയില്‍ ഇരിക്കൂര്‍, മട്ടന്നൂര്‍, പേരാവൂര്‍ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 3.30 ന് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിന്റെ സ്വീകരണം പാനൂരില്‍ നടക്കും. 4.30 ന് തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണ യോഗത്തില്‍ ധര്‍മ്മടം, തലശ്ശേരി നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
വൈകുന്നേരം 5.30ന് കണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് സഹമന്ത്രി വി.കെ. സിംഗ് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലും പരിപാടിയുടെ വിജയത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വിളംബര ജാഥ, ബൈക്ക് റാലി എന്നിവയുണ്ടാകും. കൊവിഡ് സാഹചര്യത്തില്‍ സ്വീകരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ജാഥാ നായകന് തുറന്ന വാഹനത്തില്‍ വേദിക്കടുത്ത് വരെ സഞ്ചരിക്കും. പരിപാടിയുടെ ഭാഗമായി പൗരപ്രമുഖന്മാര്, വ്യാപാര-വാണിജ്യൃ-വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവരുമായി കെ. സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും.
ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, ട്രഷറര്‍ യു.ടി. ജയന്തന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: