തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും 80 പൊതുസമ്മേളനങ്ങളും നടക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 21ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് എത്തുന്ന യാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും.
22ന് കണ്ണൂരില്‍ നടക്കുന്ന മഹാറാലി കേന്ദ്ര മന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്യും. 24ന് കോഴിക്കോട്ടെ മഹാറാലി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും 25ന് മലപ്പുറത്ത് ദേശീയ വക്താവ് ഷാനവാസ് ഹുസൈനും 26ന് പാലക്കാട് ചലച്ചിത്ര താരം ഖുഷ്ബു സുന്ദറും ഉദ്ഘാടനം നിര്‍വഹിക്കും.
27ന് തൃശൂരില്‍ മഹാറാലിയെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അഭിസംബോധന ചെയ്യും. 28ന് എറണാകുളത്ത് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനും മാര്‍ച്ച് രണ്ടിന് കോട്ടയത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും റാലികളില്‍ അണിചേരും. മൂന്നിന് ആലപ്പുഴയില്‍ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യയും നാലിന് പത്തനംതിട്ടയില്‍ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപിയും അഞ്ചിന് കൊല്ലത്ത് ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെയും ഉദ്ഘാടനം നിര്‍വഹിക്കും.
എം.ടി. രമേശ് യാത്രയുടെ സംയോജകനായിരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ യാത്രയിലെ സ്ഥിരാംഗങ്ങളായിരിക്കുമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. യാത്രയുടെ വിവിധ ഘട്ടങ്ങളിലായി മെട്രോമാന് ഇ. ശ്രീധരനടക്കം നിരവധി പേര് ബിജെപിയില്‍ ചേരുമെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു.
ശോഭ സുരേന്ദ്രന് സെക്രട്ടേറിയറ്റിലെ സമരത്തില്‍ പങ്കെടുത്തത് പാര്‍ട്ടി അറിഞ്ഞിട്ടുതന്നെയാണെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ സമരത്തെ പാര്‍ട്ടി അനുകൂലിക്കുന്നു. നിരവധി ബിജെപി നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ പോയിരുന്നു. അതിനാല്‍ ശോഭ സുരേന്ദ്രന് പോയതിന് പ്രത്യേക അനുവാദം വേണ്ട. ശോഭ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ത്യജിക്കുന്നതിനും ത്യാഗത്തിനും ആരുടെയും അനുമതി വേണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: