മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായതിന്റെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. വന്‍തോതില്‍ ആക്രമണങ്ങളും ബോംബു സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇവരില്‍നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും ബോംബുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീനും വടകര സ്വദേശി ഫിറോസുമാണ്, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസിലെ പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിലായത്. പശ്ചിമബംഗാള്‍, രാജസ്ഥാന്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഇരുവരും വസന്ത പഞ്ചമി ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ബോംബു സ്ഫോടനങ്ങള്‍ നടത്താനും, ഇരുപത്തിയഞ്ചോളം ഹിന്ദു നേതാക്കളെ വധിക്കാനും പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്. ഇവര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്നും, എങ്ങനെയാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചതെന്നുമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ്. പന്ത്രണ്ട് റെയില്‍വേ ടിക്കറ്റുകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ ഇരുപത് ദിവസത്തോളം തുടര്‍ച്ചയായി സഞ്ചരിച്ചതായാണ് പോലീസ് കരുതുന്നത്.
പോലീസിന്റെ പിടിയിലായ രണ്ടുപേരും തങ്ങളുടെ സംഘടനയില്‍പ്പെട്ടവരാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞു. ഇവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് അയച്ചിരുന്നതാണത്രേ. പോലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നും നേതാക്കള്‍ വാദിക്കുന്നു. അന്‍ഷാദിന്റെയും ഫിറോസിന്റെയും വീട്ടുകാര്‍ ഇവരെ കാണാനില്ലെന്നു പറഞ്ഞ് പോലീസില്‍ പരാതികളും നല്‍കിയിട്ടുണ്ട്. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇപ്പോള്‍ പിടിയിലായവരെ എന്തിനാണ് അയച്ചിട്ടുള്ളതെന്നും, എന്തൊക്കെയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അറിയാം. പിടിക്കപ്പെട്ടാല്‍ എങ്ങനെ പ്രതികരിക്കണമെന്നും, എന്തൊക്കെ ചെയ്യണമെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനമനുസരിച്ചാണ് അറസ്റ്റിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതും, ബന്ധുക്കളെക്കൊണ്ട് പരാതി കൊടുപ്പിച്ചിട്ടുള്ളതുമെല്ലാം. ഭീകരവാദികളുടെ ബന്ധുക്കള്‍ സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ച് പെരുമാറാന്‍ നിര്‍ബന്ധിതരാണ്. പിടിയിലായെന്ന വിവരം ലഭിച്ചതോടെയാണ് കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതെന്ന് കരുതപ്പെടുന്നു. ഇതില്‍നിന്നു തന്നെ കള്ളത്തരം വ്യക്തമാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാ പ്രവര്‍ത്തനം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍ഡിഎഫിന്റെ നേതാവായ തടിയന്റവിട നസീറാണ് നാല് മലയാളി യുവാക്കളെ ഭീകര പരിശീലനത്തിനായി കശ്മീര്‍ വഴി പാക്കിസ്ഥാനിലേക്ക് കടത്താന്‍ ശ്രമിച്ചതും, സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ചതും. എന്‍ഡിഎഫിനെ നിരോധിച്ചതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രത്യക്ഷപ്പെട്ടു. സമീപകാലത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്ത സമരങ്ങള്‍ക്കും, ദല്‍ഹിയിലെ വര്‍ഗീയ കലാപത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് അന്വേഷണത്തില്‍ പുറത്തുവരികയുണ്ടായി. ഇതിനുവേണ്ടി പണമൊഴുക്കിയത് ഈ സംഘടനയാണെന്നും, ഇത് ചില വൈദേശിക ശക്തികളില്‍നിന്ന് ലഭിക്കുന്നതാണെന്നും വ്യക്തമായ സൂചനയുണ്ട്. സമീപകാലത്ത് ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ കലാപത്തിനു ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുകാരനാണ്. സംഘടനാ പ്രവര്‍ത്തനം ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് വിശ്വസിക്കുന്ന ഈ സംഘടനയ്ക്ക് ജനാധിപത്യ സമൂഹത്തില്‍ ഇടം ലഭിക്കാന്‍ പാടില്ല. മതഭ്രാന്ത് പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഇക്കൂട്ടരെ നിയമത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: