കാസര്‍കോട്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കണമെന്ന മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്വപ്നം പൂവണിയുന്നു. ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക്് ബാംഗ്ലൂര്‍ സ്വന്തമാക്കി .
മുഹമ്മദ് അസ്ഹറുദ്ദീന് തന്റെ കിടപ്പുമുറിയിലെ ചുമരില്‍ ആഗ്രഹങ്ങളുടെ പട്ടിക എഴുതിയിട്ടത് ഇങ്ങനെയായിരുന്നു.’ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയിലുണ്ട്. ഏത് ടീമിനൊപ്പവും കളിക്കാന്‍ തയ്യാര്‍. പക്ഷേ കൂടുതലിഷ്ടം ആര്‍സിബിയോടാണ്. അതാണ് ഇന്നലെ പൂവണിഞ്ഞത്.
മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് 54 പന്തില്‍ 11 സിക്സും ഒന്‍പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് വീട്. ക്രിക്കറ്റ് കുടുംബത്തില്‍ ഇളയക്രിക്കറ്ററാണ്. മറ്റ് എഴ്് സഹോദരങ്ങളും ജില്ലാ ഡിവിഷനിലും ജില്ലാ ടീമിലുമായി കളിച്ചു. മൂത്ത സഹോദരന് കമറുദ്ദീനും സിറാജുദ്ദീനും ജില്ലാ ടീമിലെത്തി. അസൈനും ഉസൈനും മുഹമ്മദലിയും ഉനൈസും ജലീലും തളങ്കര ക്രിക്കറ്റ് ക്ലബ്ബിനായി (ടിസിസി) ലീഗ് ഡിവിഷനും മറ്റ് പ്രാദേശിക മത്സരങ്ങളും കളിച്ചു.
ക്രിക്കറ്റ് കുടുംബമാണെങ്കിലും വീട്ടില്‍ അസ്ഹറുദ്ദീനായി ഉപദേശങ്ങളൊന്നുമില്ല. വാട്മോറിന്റെ കീഴില്‍ പരിശീലിച്ച അസ്ഹറിന് ഞങ്ങളെന്ത് പറഞ്ഞു കൊടുക്കാനെന്നായിരുന്നു സഹോദരന്മാരുടെ ചോദ്യം. ഓപ്പണറായി ഇറങ്ങി ആക്രമിച്ച് കളിക്കുകയെന്നതാണ് അസ്ഹറുദ്ദീന് ഇഷ്ടം. നാട്ടിലെത്തിയാല്‍ വീടും ക്ലബ്ബും ക്രിക്കറ്റും എന്നതാണ് അസ്ഹ്റുദ്ദീന്റെ സമവാക്യം. വീട്ടില്‍ സൗമ്യനും നാട്ടില്‍ വിനീതനുമാണ്. ടിസിസി ക്ലബ്ബില്‍ ഒന്നിച്ച് കളിച്ച കൂട്ടുകാര്‍ അസ്ഹറുദ്ദീനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ്. ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും മകനാണ് മുഹമ്മദ് അസ്ഹറുദ്ദീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: