കൊല്ലം: കേരള സാഹിത്യ അക്കാദമിക്ക് ശ്രീപത്മനാഭ സ്വാമിയോടും വിരോധം. കേരളത്തിലെ ആദ്യത്തെ ബാലസാഹിത്യപുരസ്കാരമായ ശ്രീപത്മനാഭസ്വാമി എന്‍ഡോവ്മെന്റ് ഒഴിവാക്കിയതിന് പിന്നിലും ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധമായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപത്മനാഭസ്വാമി പുരസ്കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്. 2006 ലാണ് ശ്രീപത്മനാഭന്റെ പേരില്‍ പുരസ്കാരം നല്‍കണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്.
1959ല്‍ ശ്രീചിത്തിരതിരുനാളിന്റെ താല്പര്യപ്രകാരം ആരംഭിച്ച എന്‍ഡോവ്മെന്റിനാണ് ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം മൂലം ഈ ഗതി വന്നത്. ശ്രീപത്മനാഭന്റെ പേരിലൊരു അവാര്‍ഡ് മതേതര ഭരണകൂടം നല്‍കുന്നത് തെറ്റാണെന്ന വാദമുയര്‍ത്തിയാണ് അക്കാദമി പുരസ്കാരം ഒഴിവാക്കിയതെന്ന് പിന്നീട് അവാര്‍ഡ് ഏറ്റെടുത്ത് നടത്തിയ ഗ്രാമം സാംസ്കാരികവേദി ചെയര്‍മാനും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂര് പറയുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്തിരതിരുനാള്‍ മുന്‍കൈയെടുത്ത് പുരസ്കാരം ഏര്‍പ്പെടുത്തുക മാത്രമല്ല അതിനാവശ്യമായ തുക അക്കാദമിയില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടുന്നു.
1959ല്‍ ആദ്യ ശ്രീപത്മനാഭസ്വാമി പുരസ്കാരം ലഭിച്ചത് സി.എ. കിട്ടുണ്ണിയുടെ ‘മുടന്തനായ മുയല്’ എന്ന കൃതിക്കായിരുന്നു. അന്ന് മുതല്‍ 2005 വരെയും ശ്രീപത്മനാഭന്റെ പേരില്‍ത്തന്നെ ആ എന്‍ഡോവ്മെന്റ് നല്‍കിയിരുന്നു. 2006ല്‍ മതം പറഞ്ഞ് അത് ഇടത് സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ചെന്താപ്പൂരിന്റെ നേതൃത്വത്തില്‍ ഗ്രാമം സാംസ്കാരികവേദി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പുരസ്കാരം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗ്രാമം അത് കൈമാറിയത്. തുക 25000 ആക്കി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ശ്രീപത്മനാഭന്റെ പേര് പുരസ്കാരത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ല.
പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്കരപ്പണിക്കര്, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്കാരമാണിത്. കുറ്റിപ്പുഴ കൃഷ്ണപിള്ള, പവനന്, ഇടമറുക്, എം.സി. ജോസഫ് തുടങ്ങിയ അക്കാദമി അദ്ധ്യക്ഷന്മാര്ക്കൊന്നും ശ്രീപത്മനാഭന്റെ പേരിനോട് വിരോധമുണ്ടായിരുന്നില്ലെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: