ഗുരുവായൂര്‍: കൊവിഡ് പിടിമുറുക്കുമ്പോള്‍ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. ഒപി മുറികള്‍ക്ക് തൊട്ടുപുറകിലാണ് കൊവിഡ് പരിശോധന നടത്തുന്ന ലാബോറട്ടറി. ആന്റിജെന്‍ പരിശോധനക്കെത്തുന്നവര്‍ക്കായി ആശുപത്രിയില്‍ യാതൊരു മാനദണ്ഡവും ദേവസ്വവും പരിശോധനാ ലബോറട്ടറിയും ഒരുക്കിയിട്ടില്ല.
സാധാരണ രോഗവുമായെത്തുന്ന രോഗികള്‍ വിശ്രമിക്കുന്ന ഇരിപ്പിടത്തിനരികിലാണ് ആന്റിജെന്‍ പരിശോധനക്ക് എത്തുന്ന രോഗികള്‍ പരിശോധനക്ക് മുമ്പ് വിശ്രമിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനയില്‍ ഭൂരിഭാഗവും പോസിറ്റീവാകുന്നുമുണ്ട്. ഗുരുവായൂര്‍ ദേവസ്വവുമായി സഹകരിച്ച് ഭാരത സര്‍ക്കാരിന്റെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ആന്റിജെന്‍ പരിശോധനാ ലാബ് സര്‍വീസ് നടത്തുന്നത്. ഒരു തവണത്തെ പരിശോധനക്ക് 300 രൂപയാണ് ഈടാക്കുന്നത്.
ഒരുദിവസം ശരാശരി 15ഓളം രോഗികള്‍ ആന്റിജെന്‍ പരിശോധനക്കായി ഇവിടെ എത്തുന്നുണ്ട്. പരിശോധനയില്‍ അഞ്ചില്‍ താഴെ പേര്‍ക്ക് ദിവസവും പോസിറ്റീവാണെന്ന് പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദേവസ്വത്തിന്റേയും ലാബോറട്ടറിയുടേയും നടപടിയില്‍ രോഗികള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: