ആലപ്പുഴ: സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കര്‍ഷകര്‍ക്കുവേണ്ടി ആരംഭിച്ച ആദ്യ കമ്മ്യൂണിറ്റി റേഡിയോ ‘കുട്ടനാട് എഫ്എം.90.0’ ആലപ്പുഴയില്‍ നിന്ന് പ്രക്ഷേപണം ആരംഭിച്ചു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍ കര്‍ഷക ശ്രോതാക്കളോട് റേഡിയോയിലൂടെ സംസാരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. റേഡിയോയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചുള്ള ആദ്യ പരിപാടിയില്‍ മന്ത്രിയും കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകിയും അവതാരകരായി.
കളര്‍കോടാണ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പരിപാടികള്‍ ലഭ്യമാകും. കര്‍ഷകര്‍ക്കുള്ള അറിയിപ്പുകള്, കൃഷി-മൃഗസംരക്ഷണം-ക്ഷീരവികസന അറിവുകള്‍, നാടന്‍പാട്ടുകള്‍, കൃഷി വിശേഷങ്ങള്‍ തുടങ്ങി വിവിധങ്ങളും വ്യത്യസ്തവുമായ പരിപാടികള്‍ ശ്രോതാക്കളിലെത്തും.
50 വാട്ട്സ് ആണ് പ്രസരണ ശേഷി. തുടക്കത്തില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ രണ്ടുമണിക്കൂറാണ് പ്രക്ഷേപണം. വൈകാതെ പ്രക്ഷേപണ സമയം ദീര്‍ഘിപ്പിക്കും. പ്രശസ്ത സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ശീര്‍ഷക ഗാനത്തോടെയാണ് എല്ലാ ദിവസവും പരിപാടികള്‍ ആരംഭിക്കുക. ലൈവ് സ്റ്റുഡിയോയുടെയും റെക്കോഡിങ് സ്റ്റുഡിയോയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: