ഹരിശ്ചന്ദ്രന്റെ കഥ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ബാക്കി വിട്ടിട്ടുപോയ ചിന്തകളിലൊന്നാണ് ശാകംഭരീദേവി അഥവാ ശതാക്ഷരീ. ആരാണ് ഈ ശതാക്ഷരീ ദേവി എന്ന് ദേവീഭാഗവതത്തില്‍ തന്നെ ഒന്നു പരിശോധിക്കാം.
പണ്ട് ഹിരണ്യാക്ഷന് എന്ന അസുരന്റെ വംശത്തില്‍ ദുര്‍ഗമന്‍ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരന് ബ്രഹ്മദേവനെ തപസുചെയ്ത് ബ്രഹ്മവിദ്യകള്‍, വേദങ്ങള്‍ മുഴുവന്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഈ വേദങ്ങളെ മറ്റാര്‍ക്കും ഉപകാരപ്പെടാത്ത വിധത്തിലാക്കി ഒളിപ്പിച്ചു. മറ്റുളളവര്‍ വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിച്ചു. നാമം ജപിക്കുന്നത് ശിക്ഷാര്‍ഹം. അതോടെ ബ്രാഹ്മണാദികള്‍ വേദങ്ങള്‍ മറന്നു.
വേദങ്ങള്‍ മറഞ്ഞതോടെ വിദ്യകള്‍ ഇല്ലാതായി. നാട് ദാരിദ്ര്യത്തിലായി. ഉള്ളത് ദുഷ്ടന്മാര് മോഷ്ടിച്ചു കൊണ്ടു പോയി. നാട് നാഥനില്ലാക്കളരി
പോലെയായി. ഹോമങ്ങളും യജ്ഞങ്ങളും ഭക്തിയും ഇല്ലാതായതോടെ രോഗങ്ങള്‍ വര്‍ധിച്ചു. ജലാശയങ്ങള്‍ അതിക്രമം കാണിച്ചു തുടങ്ങി. നാട്ടില്‍ അനര്‍ഥങ്ങള്‍ പെരുകി.
വെള്ളപ്പൊക്കം, പേമാരി, കടല്‍ക്ഷോഭം, മഹാമാരി, ദാരിദ്ര്യം, ദുരിതങ്ങള്‍, തീപിടുത്തം ഇത്യാദികളാല്‍ ജനങ്ങള്‍ പൊറുതി മുട്ടി. മനുഷ്യരും വളര്‍ത്തു മൃഗങ്ങളും തെരുതെരെ മരിച്ചു വീണു. ഈ ഘട്ടത്തില്‍ ശാന്തശീലരായ ചിലര്‍ നാമം ജപിച്ചും ഭജിച്ചും ദേവിയെ ശരണം പ്രാപിച്ചു.
ഇതി സംപ്രാര്ഥിതാദേവീ
ഭുവനേശ്വരീ മഹേശ്വരീ
അനന്താക്ഷിമയം രൂപം
ദര്‍ശയാമാസ പാര്‍വതി
ഭക്തന്മാരുടെ കണ്ണീരോടെയുള്ള പ്രാര്‍ഥന കേട്ട ശ്രീഭുവനേശ്വരി സ്നേഹാര്‍ദ്രമായി അനേകം കണ്ണുകള്‍ തുറന്ന് ഇവര്‍ക്കു ദര്‍ശനം നല്കി. അനേകം അക്ഷികളുള്ളതിനാല് ശതാക്ഷരീ ദേവി എന്ന് ദേവി അറിയപ്പെട്ടു. ശതാക്ഷരീ ദേവിയുടെ അനേകം കണ്ണുളില്‍ നിന്നൊഴുകിയ കണ്ണുനീര് മഴയായി ചൊരിഞ്ഞപ്പോള്‍ ഭൂമീ ദേവി സന്തുഷ്ടയായി, സമ്പുഷ്ടയായി.
ദേവി ശതാക്ഷി, ആ ഘട്ടത്തില്‍ അനേക വിധത്തിലുള്ള പച്ചക്കറികളും ഇലകളും കൈയിലേന്തിയവളായി കാണപ്പെട്ടു. ഭൂമിയില്‍ ചെറുനാമ്പുകള്‍ പെട്ടന്നു തന്നെ ഉയര്‍ന്നു വന്നു. ഭൂമി ഫലസമ്പുഷ്ടമായി. ഇതെല്ലാം അനുതാപത്തോടെ ലഭ്യമായതോടെ ജനങ്ങളുടെ വിശപ്പും അകന്നു. ഇങ്ങനെ ജനങ്ങളുടെ വിശപ്പകറ്റിയ ശതാക്ഷരീ ദേവിയെ ജനങ്ങള്‍
പാടിപ്പുകഴ്ത്തി. ശാകംഭരീ ദേവി എന്ന് അവര്‍ അഭിസംബോധന ചെയ്തു. പച്ചക്കറികളുമായി വന്നതിനാലും പട്ടിണി മാറ്റിയതിനാലുമാണ് ശാകംഭരി എന്ന് അവര്‍ വിളിച്ചത്. ശാകംഭരീദേവി ദുര്‍ഗമാസുരനെ നേരിട്ട്, ജനങ്ങള്‍ക്ക് വേദങ്ങള്‍ വീണ്ടെടുത്ത് നല്കി. ദുര്‍ഗമനെ വധിച്ചതിനാല്‍ ദേവിയെ ദുര്‍ഗ എന്നും ജനങ്ങള്‍ വാഴ്ത്തി.
ഈ ദേവിയെ സ്തുതിക്കുന്നവര്‍ക്ക് എല്ലാ ദുഃഖങ്ങളും ശമിച്ച് ഐശ്വര്യമുണ്ടാകുമെന്ന് വേദവ്യാസന് ദേവീഭാഗത്തില് ഫലശ്രുതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: