കൊല്‍ക്കത്ത: ബംഗാളി നടന് യഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി യഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേരുമെന്ന് നേരത്തേതന്നെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടിയുടെ ഭാഗമായത്. ബിജെപി നേതാക്കളായ കൈലാഷ് വിജയ്വര്ഗീയ, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യഷ് ദാസ്ഗുപ്തയുടെ ബിജെപി പ്രവേശനം.
വിജയ്വര്ഗീയ പാര്‍ട്ടി അംഗത്വം കൈമാറി. അശോക് ഭദ്ര, മല്ലിക ബന്ധോപാധ്യായ്, പപിയ അധികാരി, സൗമിലി ഘോഷ് ബിശ്വാസ്, ത്രാമില ഭട്ടാചാര്യ എന്നിവരും യഷ് ദാസ്ഗുപ്തയ്ക്കൊപ്പം ബിജെപിയിലെത്തി. ‘വണ്‍’, ‘മോണ്‍ ജാനെ ന’, ‘ടോട്ടല്‍ ദാദഗിരി’, ‘ഫിദ’ തുടങ്ങിയ ചിത്രങ്ങളില്‍ യഷ് ദാസ്ഗുപ്ത വേഷമിട്ടിട്ടുണ്ട്.
രാജ്യത്തെ യുവാക്കളില്‍ ബിജെപിക്ക് വിശ്വസമുണ്ടെന്നും വീട്ടുപേര്, രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവ നോക്കില്ലെന്നും യഷ് ദാസ്ഗുപ്ത പ്രതികരിച്ചു. ‘എന്റെ ആശയം ബിജെപിയുമായി ചേര്‍ന്നു നില്ക്കുന്നു. എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടി ബിജെപിയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: