എടത്വാ: ജലാശയങ്ങളില്‍ തുരിശ് കലക്കി മത്സ്യബന്ധനം. ശുദ്ധജലം ലഭിക്കാതെ ജനം വലയുന്നു. പാണ്ടി പോച്ചയിലാണ് ജലാശയങ്ങളില്‍ തുരിശ് കലക്കി മത്സ്യബന്ധനം നടത്തിയത്. മത്സ്യബന്ധനം കഴിഞ്ഞതോടെ ജലാശയങ്ങളിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.
മത്സ്യം ചത്തഴുകി നദിയിലെ വെള്ളം മലിനമാകുകയും, ദുര്‍ഗ്ഗന്ധം പരക്കുകയും ചെയ്തു. പൊതുടാപ്പില്ലാത്ത പോച്ചയിലെ ഗ്രാമവാസികള്‍ നദിയിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം മലിനമായതോടെ കുടിക്കാനോ, ആഹാരം പാകം ചെയ്യാനോ കഴിയാത്ത അവസ്ഥയിലെത്തി. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് എടത്വാ ഗ്രാമപഞ്ചായത്ത് സ്ഥലത്ത് കുടിവെള്ള വിതരണം നടത്തി. രാത്രി ഏറെ വൈകിയും കുടിവെള്ളത്തിനായി ഗ്രാമവാസികള്‍ കാത്തിരിക്കുകയായിരുന്നു.
കുട്ടനാട്ടില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമാണ്. മിക്ക സ്ഥലങ്ങളിലും തുരിശും, മറ്റ് വിഷദ്രവങ്ങളും ജലാശയങ്ങളില്‍ കലര്‍ത്തിയാണ് മത്സ്യം പിടിക്കുന്നത്. മത്സ്യം പിടിച്ച് മടങ്ങിയശേഷം ദിവസങ്ങളോളം നദിയിലേയും തോടുകളിലേയും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകും. മുന്‍പ് ഫിഷറീസ് വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് അനധികൃത മത്സ്യബന്ധനത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു.
വള്ളവും, വലയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ക്വാഡിന്റെ പ്രവര്‍ത്തനം നിലച്ചുകിടക്കുകയാണ്. അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: