കൊച്ചി: അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് നടൻ സലിം കുമാർ വ്യക്തമാക്കി. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം. തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താൽപ്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായം 50 പിന്നിട്ടെന്ന വാദം നിരത്തിയാണ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിംകുമാറിനെ ഒഴിവാക്കിയത്. അതേസമയം സലിം കുമാറിനെ മേളയില്‍ നിന്നും ഒഴിവാക്കിട്ടില്ലെന്നും, വീണ്ടും ഇതിനെച്ചൊല്ലി വിവാദം ഉണ്ടാക്കുന്നതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളാകാമെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ പ്രതികരണം. മേളയില്‍ നിന്നും താരത്തിന്റെ പേരൊഴുവാക്കിയെന്ന ആരോപണം ശരിയല്ല എന്നും, ഈ വിവാദ വിഷയവുമായി ബന്ധപ്പെട്ടു അരമണിക്കൂറോളം സലിം കുമാറുമായി സംസാരിച്ച് അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയെന്നും കമല്‍ പറഞ്ഞു.
മുതിര്‍ന്ന സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ നേതൃത്വത്തില്‍ സരിത തിയറ്ററില്‍ ബുധനാഴ്ച വൈകീട്ട് ആറിനാണ് ചടങ്ങ് ആരംഭിക്കുന്നത്. സംഭവത്തില്‍ രാഷ്‌ട്രീയമില്ലെന്നും ചെറുപ്പക്കാരായ അവാര്‍ഡ് ജേതാക്കളെയാണ് തിരിതെളിക്കാന്‍ ഉദ്ദേശിച്ചതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ എറണാകുളം ജില്ലക്കാരനായ താന്‍ മേളക്ക് തിരിതെളിക്കാന്‍ ഉണ്ടാകുമെന്ന് വിചാരിച്ചുവെന്ന് സലിംകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: