ന്യൂദൽഹി : നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശിച്ച ബാങ്കുകളുടെ സ്വകാര്യവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കും. ഇതില്‍ വെറും 13,000 ജീവനക്കാര്‍ മാത്രം പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ആദ്യം സ്വകാര്യവത്കരിക്കാനാണ് സാദ്ധ്യത.
സ്വകാര്യവൽക്കരണത്തിനുള്ള പട്ടികയില്‍ കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്ന നാല് ബാങ്കുകള്‍ ഇവയാണ് – ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ. ഇതിൽ രണ്ടെണ്ണത്തിന്റെ സ്വകാര്യവല്‍ക്കരണപ്രക്രിയ ഏപ്രിൽ മുതൽ ആരംഭിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് വഴി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം.
യൂണിയനുകളുടെ കണക്കുപ്രകാരം ബാങ്കുകളും അവയിലെ സ്റ്റാഫുകളുടെ എണ്ണവും താഴെ- ബാങ്ക് ഓഫ് ഇന്ത്യ – 50,000, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ– 30,000, ഇന്ത്യൻ ഓവർസീസ് ബാങ്ക്– 26,000, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര– 13,000 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ജീവനക്കാർ കുറവുള്ളതിനാല്‍ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ആദ്യം സ്വകാര്യവത്കരിക്കാനാണ് സാദ്ധ്യത.
ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്‌കരിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലാണ്. അത് വിജയിച്ചാല്‍ വരുവർഷങ്ങളിൽ വലിയ ബാങ്കുകളിൽ സ്വകാര്യവത്‌കരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: