ഡോളര്‍ കടത്ത് കേസില്‍ ചൊവ്വാഴ്ച രാവിലെ കസ്റ്റംസ് അറസ്റ്റ് ചെയ്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം.
എറണാകുളം ഇക്കണോമിക് ഒഫന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കസ്റ്റംസ് എറണാകുളം ഇക്കണോമിക് ഒഫന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.
ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച വിളിച്ചുവരുത്തിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ നാടകീയമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനില്‍ ലഭിച്ച കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ ആഗസ്തിലാണ് 1.90 ലക്ഷം ഡോളര്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദ് കടത്തിയതായി കണ്ടെത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ ഖാലിദിന് മൂന്ന് കോടി 80 ലക്ഷം രൂപ കമ്മീഷനായി സന്തോഷ് ഈപ്പന് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു കോടി രൂപ ഒഴികെ ബാക്കി ഡോളറായി നല്‍കണമെന്ന് ഖാലിദ് ആവശ്യപ്പെട്ടതനുസരിച്ച് സന്തോഷ് ഈപ്പന് രണ്ട് കോടി 80 ലക്ഷം രൂപയുടെ ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചു നല്‍കുകയായിരുന്നു.
ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്. ലൈഫ് മിഷന് വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്ന യൂണിടാക് കമ്പനി ഉടമ കൂടിയാണ് സന്തോഷ് ഈപ്പന്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന് മറ്റ് പ്രതികള്‍ക്ക് നാലരക്കോടിയോളം രൂപ കമ്മീഷനായി നല്‍കിയിരുന്നു. സ്പ്ന, സരിത്ത്, ഖാലിദ്, എം. ശിവശങ്കര്‍ എന്നിവരാണ് ഡോളര്‍ കടത്ത് കേസിലെ മറ്റ് നാല് പ്രതികള്‍. ഈ തുക അനധികൃതമായി ഡോളറാക്കി മാറ്റിയതിന്റെ പേരിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: