മുംബൈ: രാജ്യത്ത് പ്രകോപനമുണ്ടാക്കാനുദ്ദേശിച്ച് കര്‍ഷകസമരത്തെ അനുകൂലിച്ചുള്ള ടൂള്‍കിറ്റ് ഖാലിസ്ഥാന്‍ വാദികളുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ കേസില്‍ മൂന്നാമന് ശന്തനു മുലുക് ശിവസേന നേതാവിന്റെ ബന്ധു.
മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ് ശന്തനു മുലുക്. ശന്തനുവും മലയാളി അഭിഭാഷക നികിത ജേക്കബും ടൂള്‍കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് നേതാവുമായി കൂടിയാലോചന നടത്തിയതായും തെളിഞ്ഞു. ശന്തനു മുലുക്കും നികിത ജേക്കബ്ബും ഒളിവിലാണ്. ശന്തനുവും നികിത ജേക്കബ്ബും ബെംഗളൂരുവിലെ ദിഷ രവിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്. അറസ്റ്റിലായ ദിഷ രവിയെ ചോദ്യം ചെയ്തപ്പോഴാണ് നികിത ജേക്കബ്, ശന്തനു എന്നിവരെക്കുറിച്ച് ദല്‍ഹി പൊലീസിന് അറിവ് ലഭിച്ചത്. ഇമെയില്‍ അക്കൗണ്ട് സൃഷ്ടിച്ച ശന്തനുവാണ് ടുള്‍കിറ്റിന്റെ സ്രഷ്ടാവെന്നും ബാക്കിയുള്ളവര്‍ എല്ലാം എഡിറ്റര്‍മാരാണെന്നും ദല്‍ഹി പൊലീസിലെ സൈബര്‍ സെല്ലിന്റെ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.
ഇതില്‍ ശന്തനു മുലുക് ബിഡിലെ ശിവസേന ജില്ല പ്രമുഖ് സച്ചിന് മുലുകിന്റെ ബന്ധുവാണ്. ശന്തനു മുലുക് പരിസ്ഥിതി വാദിയാണെന്നും കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നുമായിരുന്നു സച്ചിന് മുലുക് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദല്‍ഹി പൊലീസ് ഫിബ്രവരി 12ന് ശന്തനുവിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഒരു സംഘം പൊലീസുകാര്‍ ബീഡില്‍ ശന്തനുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ‘ അവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തി. രണ്ട് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. അവര്‍ മാന്യരായിരുന്നു. അവന് എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലെന്ന കാര്യം പറഞ്ഞു,’ ശന്തനുവിന്റെ അച്ഛന് ശിവ്ലാല്‍ മുലുക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: