തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഏക പക്ഷീയ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃ്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടത്. 10 ജില്ലാകമ്മിറ്റിയും തങ്ങള്‍ക്കൊപ്പമാണെന്ന് വിമതര്‍ അവകാശപ്പെടുന്നു.
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഗണേഷ് കുമാര്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്നുതായി വിമതര്‍ ആരോപിക്കുന്നു. പിഎസ്സി അംഗത്തിന്റെ നിയമനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ തനിക്ക് ഇഷ്ടപ്പെട്ടയാളെ ഗണേഷ് നിയമിച്ചതാണ് പെട്ടെന്നുള്ള പിളര്‍പ്പിന്റെ പ്രധാന കാരണം. പാര്‍ട്ടി ചെയര്‍മാനായ ആര്. ബാലകൃഷ്ണപിള്ള അനാരോഗ്യം കാരണം പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. അതിനാല്‍ മകന് ഗണേഷ് തന്റെ ഇച്ഛയ്ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതായും വിമതര്‍ കുറ്റപ്പെടുത്തി.
എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള അധ്യക്ഷന്മാര് ഒഴികെ ബാക്കിയുള്ളവര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് നജീം പാലക്കണ്ടി വിഭാഗം അവകാശപ്പെടുന്നു. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ അധ്യക്ഷ സ്ഥാനം നിലവില്‍ ഒഴിഞ്ഞ് കിടക്കുകയാണ്. യുഡിഎഫിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് കോഴിക്കോട്ട് വെച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: