കണ്ണൂര്‍: സകല കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന ആക്ടിംങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖല യാത്ര. കഴിഞ്ഞ ദിവസം തളിപ്പറമ്പിലും ഇന്നലെ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിലും നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത സിപിഎം ഒട്ടുമിക്ക നേതാക്കളും പ്രവര്‍ത്തകരുമെല്ലാം സാമൂഹ്യ അകല പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും മറ്റും കോവിഡ് മാനമദണ്ഡങ്ങളെല്ലാം ലംഘിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പങ്കാളികളുടെ എണ്ണം നേതാക്കള്‍ പ്രതീക്ഷിച്ചതില്‍ വളരെ കുറവായിരുന്നു. മിക്ക സ്വീകരണ കേന്ദ്രങ്ങളിലും. ആവേശം ഒട്ടും ഇല്ലാതെയാണ് സ്വീകരണ പരിപാടികള്‍ നടക്കുന്നത്. ഒരു ഭാഗത്ത് തൊഴില്‍ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ തെരുവില്‍ ജീവിക്കാനായി സമരം ചെയ്യുകയും മറുഭാഗത്ത് നിരവധി വിവാദങ്ങളില്‍പ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആടിയുലയുകയും ചെയ്യുമ്പോള്‍ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുന്ന നേതാക്കള്‍ സ്വയം പ്രതിരോധത്തിലാണ്.
ബിജെപി അഖിലേന്ത്യാ അധ്യക്ഷനടക്കമുളള ബിജെപി നേതാക്കള്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തൃശൂരില്‍ പൊതു യോഗത്തില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിരുന്നുയ യുഡിഎഫ് യാത്രയ്‌ക്കെതിരേയും തളിപ്പറമ്പിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ മാസ്‌ക്കടക്കം ഉപേക്ഷിച്ചു കൊണ്ട് തോളോടു തോള്‍ ചേര്‍ന്ന് എല്‍ഡിഎഫ് നടത്തുന്ന യാത്രയ്‌ക്ക് നേരെ ചെറുവിരലനക്കാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല.
തളിപ്പറമ്പില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തും കോവിഡ് മാനദണ്ഢ ലംഘനത്തിന്റെ പേരില്‍ വിവാദമായിരുന്നു. കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ദിവസങ്ങളായി രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഭരണകൂടവും ഭരണത്തിന് നേതൃത്വം നല്‍കുന്ന മുന്നണിയും പ്രോട്ടോകോള്‍ ലംഘിച്ച് വ്യാപനത്തിന് കൂട്ടുനില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ എന്തര്‍ത്ഥത്തിലാണ് പൊതുജനങ്ങളോട് എല്ലാം പാലിക്കണം എന്നു പറയുന്നത് എന്ന ചോദ്യമാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: