കൊച്ചി: കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞു. കേരള ബാങ്കിലെ ഒഴിവുകള്‍ പിഎസ്സിക്കു വിടണമെന്നും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നുമാവശ്യപ്പെട്ട് കോട്ടയം ഏഴാച്ചേരി സ്വദേശി ഹരിദാസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കേരള സഹകരണ സംഘ നിയമത്തിലെ സെക്ഷന്‍ 80 (3എ) പ്രകാരം ജില്ലാ സഹകരണ ബാങ്കിലെ നിയമനങ്ങള്‍ പിഎസ്സിയാണ് നടത്തേണ്ടത്. ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തോടെ ഈ ഉത്തരവാദിത്തം കേരള ബാങ്കിനാണെന്നും ഹര്ജിക്കാരന് വാദിച്ചു.
കോട്ടയം ജില്ലാ സഹകരണ ബാങ്കിലെ ക്ലാര്‍ക്ക് – കാഷ്യര്‍ നിയമനത്തിന് 2016ല്‍ പിഎസ്സി തയാറാക്കിയ റാങ്ക് ലിസ്റ്റില്‍പ്പെട്ടയാളാണ് ഹര്ജിക്കാരന്. സമാന ആവശ്യവുമായി കണ്ണൂര്‍ സ്വദേശി എ. ലിജിത്ത് നല്കിയ ഹര്‍ജിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിലവില്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനമില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോടും കേരള ബാങ്കിനോടും വിശദീകരണ പത്രിക നല്കാന് നിര്‍ദേശിച്ച് ഹര്‍ജി മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. കേരള ബാങ്കിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിരുന്നോയെന്ന് കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: