അമൂല്യങ്ങളായ ധര്മപ്രമാണങ്ങളാണ് ഭാരതീയ ദാര്‍ശനിക ചിന്തയുടെ ഉള്‍പ്പൊരുള്‍. ഈ തത്വപ്രവേശികയാകട്ടെ കാലാന്തരങ്ങളിലൂടെ രൂപപ്പെട്ട് കരുത്താര്‍ജ്ജിക്കുകയായിരുന്നു. തത്ത്വചിന്തയുടെയും അതീത തത്ത്വശാസ്ത്രത്തിന്റെയും പരമസ്രോതസ്സായി വിശ്വവേദിയില്‍ ഭാരതം തിളങ്ങുന്നത് അമേയമായ ധര്‍മമൂല്യ സങ്കല്പ്പ വൈവിധ്യത്തിലാണ്.
സമ്പത്തും സംസ്കാരവും കൊള്ളയടിക്കാനെത്തിയ അധിനിവേശ ശക്തികളുടെ നീര്‍ച്ചുഴിയില്‍ വട്ടം കറങ്ങിയ മഹാപൈതൃകത്തെ പുനഃസ്ഥാപിക്കുക കാലധര്മദൗത്യമായിരുന്നു. നവോത്ഥാനത്തിന്റെ മന്ത്രണങ്ങളില്‍ ആത്മീയവീര്യവും ആശയപ്രബുദ്ധതയും ജ്വലനപ്രഭയായി പൈതൃകപ്പെരുമകള്‍ സാഫല്യം നേടി. സംസ്കൃതിയുടെ വീണ്ടെടുപ്പു യത്നങ്ങളില്‍ ദക്ഷിണേന്ത്യ വഹിച്ച പ്രായോഗിക പങ്കാളിത്തം അദ്വിതീയമാണ്.
കാലാന്തരങ്ങളില്‍ ഭാരതീയ ധര്‍മസ്വരം മൗലികമായി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നോമ്പിട്ടത് വൈഷ്ണവ, ശൈവ ശക്തിപ്പെടുത്തലാണ്. ആഴ്വാന്മാര് വൈഷ്ണവദര്ശനത്തിലൂടെയും നായന്മാര് ശൈവ സിദ്ധാന്തങ്ങളിലൂടെയും നവോത്ഥാന പാതയില്‍ ചരിച്ചത് ആത്മീയ ചരിതമാണ്. ശൈവഭക്തി പ്രചാരകന്മാര് എന്ന് തമിഴില്‍ വിശേഷിപ്പിക്കുന്ന അറുപത്തിമൂന്ന് നായന്മാരും വൈഷ്ണവ ധാരയില്‍ പന്ത്രണ്ട് ആഴ്വാന്മാരുമാണ് ഈ ഐതിഹാസികമായ കര്‍മധാരയില്‍ ചരിച്ചത്.
മൂന്നാം ശതകത്തില്‍ ജീവിച്ച പൊയ്കൈ ആഴ്വാരില് നിന്നാണ് ആഴ്വാന്മാരുടെ ചരിത്രം സമാരംഭിക്കുക. നമ്മാഴ്വാര്‍ കാലാനുക്രമണികയില്‍ ആറാംസ്ഥാനമാണ് അലങ്കരിക്കുന്നത്. തിരുനെല്‍വേലി ജില്ലയിലെ ആഴ്വാര്‍ തിരുനഗരിയിലാണ് നമ്മാഴ്വാര്‍ ഭൂജാതനായത്. മാറന്‍ എന്നായിരുന്നു നാമധേയം. സാത്വിക തേജസ്സും അചഞ്ചലമായ വിഷ്ണുഭക്തിയുമായി ബാല്യകാലത്തു തന്നെ മാറന്‍ സമൂഹത്തിന്റെ കണ്ണിലുണ്ണിയായി. ധ്യാനത്തിന്റെ ധന്യധന്യമായ മുഹൂര്‍ത്തങ്ങളില്‍ ആനന്ദനടനം ചെയ്യുന്ന മാറനെ ദര്‍ശിച്ച് സായുജ്യമടയുവാന്‍ ഭക്തജനം തിങ്ങിക്കൂടാറുണ്ടെന്ന് ഐതിഹ്യകഥകള്‍ പറയുന്നു. പാരമ്പര്യ വിദ്യാഭ്യാത്തിനപ്പുറം മാറന്‍ അറിവിന്റെ ആഴങ്ങള്‍ തേടിയുള്ള ആത്മാന്വേഷണങ്ങളില്‍ മുഴുകി. വേദപ്രചോദിതമായ മഹാശയങ്ങളുടെ അനുരണനമെന്നോണം ആത്മവിദ്യയുടെ മഹാശൃംഗങ്ങളില് ആ മനസ്സ് എന്നും സഞ്ചരിച്ചു. വിവേകത്തിന്റെ വിശാലതയും അഗാധതയും മൂര്‍ച്ചയും ആ ജിജ്ഞാസ കീഴടക്കാന്‍ തുടങ്ങിയിരുന്നു. തിരുനഗരിയിലെ വിഷ്ണുക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശന മുഹൂര്‍ത്തത്തില്‍ ഭക്തിസാന്ദ്രമായ അനുഭവാനുഭൂതികളാണ് ബാല്യകാലങ്ങളില്‍ പതിവായി അദ്ദേഹം സ്വാംശീകരിച്ചത്. ക്രമേണ ആ ഭക്തി ഈശ്വരീയ പ്രണയമായി ആത്മാവില്‍ സുഗന്ധം പരത്തി. ആ വിഷ്ണു ക്ഷേത്രാങ്കണത്തിലെ പുളിമരച്ചുവട്ടില് എന്നും സന്ധ്യാവേളയില്‍ ഈ ഗുരു ധ്യാനസ്ഥനാകും. ധ്യാനഫലമെന്നോണം ഈ വൃക്ഷച്ചുവട്ടില്‍ അദ്ദേഹത്തിന് ഭഗവദ്ദര്‍ശനം ലഭിച്ചെന്നാണ് ഐതിഹ്യം. തപസ്സിലൂടെയും പഠനമനനങ്ങളിലൂടെയും ഗുരു നേടിയെനടുത്ത അന്തര്‍ജ്ഞാന സിദ്ധിയാണ് കഥയുടെ ഭാവതലം. ഈ പുളിമരച്ചോട് പില്ക്കാലം നമ്മാഴ്വരുടെ വിഗ്രഹ പ്രതിഷ്ഠതയില് വിശ്രുതമായി.
ഉറന്നൊഴുകിയ ഗുരുസ്നേഹം ഭക്തജനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. ആ ജ്ഞാനബോധിയില് നിന്ന് വീണുകിട്ടിയ അറിവിന്റെ പക്വഫലങ്ങള്‍ സമൂഹത്തിന്റെ മോക്ഷമാര്‍ഗമായി പ്രചരിച്ചു. ‘നമ്മാഴ്വാര്‍’ എന്ന് മഹാഗുരുവിനെ നാട്ടുകാര്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി. ‘നമ്മുടെ ആഴ്വാര്‍’ എന്ന സ്നേഹരസമാണ് ആ അരുമപ്പേരിന് അര്‍ഥം. പര്യായ പദങ്ങള്‍ പോലെ അത്തരം ഓമനപ്പേരുകള്‍ പെരുകി. ‘ശഠകോപന്‍’, ‘പരാങ്കുശന്‍’, ‘വകുളാഭരണന്‍’, എന്നീ സ്നേഹനാമങ്ങള് ആരാധകരില്‍ നിന്ന് ഗുരുവിന് ചാര്‍ത്തിക്കിട്ടിയതാണ്. വൈഷ്ണവ കുലപതിയായി ‘നമ്മാഴ്വാര്‍’ പൂജിതനാവുകയായിരുന്നു.
മഹാചാര്യന്റെ ആദ്യരചനകളാണ് നൂറു പാസുരങ്ങളടങ്ങിയ ‘തിരുവിത്തം’. പില്ക്കാലമെഴുതിയ ‘ആയിരത്തി ഒരുനൂറ്റി രണ്ട് പാസുരങ്ങള്‍ കൂടിച്ചേര്‍ന്ന ‘തിരുവായ്മൊഴി’ യെന്ന ഏററ്വും ശ്രേഷ്ഠമായ ഗുരുരചനയെന്ന് ഖ്യാതി നേടുന്നത്. പന്ത്രണ്ടാം ശതകത്തില്‍ വിശിഷ്ടാദൈ്വതപ്രണേതാവായ ശ്രീരാമാനുജാചാര്യര്‍ ‘തിരുവായ്മൊഴിക്ക്’ രചിച്ച പ്രൗഢോജ്ജ്വലമായ വ്യാഖ്യാനം ആലപ്രമാണങ്ങളുടെ മഹിത വചനമാണ്. ഗുരുവിന്റെ പ്രകൃഷ്ടങ്ങളായ അക്ഷരവെളിച്ചം ആദരാതി രേകത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ‘തമിഴ്വേദം’, ‘ദാവിഡവേദം’, ‘പഞ്ചമവേദം, എന്നീ പൂജനീയ നിലകളിലാണ് അവയുടെ പരമസ്ഥാനം. പത്താം നൂറ്റാണ്ടില്‍ ജീവിച്ച നാഥമുനി സമാഹരിച്ച നാലായിരം ദിവ്യ പ്രബന്ധങ്ങളില്‍ ഈ അമൂല്യകൃതികള്‍ ഉള്‍പ്പെടുന്നു. തിരുവാചിരിയാം, പെരുവന്താദി എന്നീ പാസുര സമാഹാരങ്ങള്‍ സാധനയിലൂടെ പരമമുക്തിയെന്ന നമ്മാഴ്വാരുടെ മഹാദര്‍ശനമാണ് പ്രകാശിപ്പിക്കുന്നത്. തൃക്കാക്കര, തിരുമൂഴിക്കുളം ചെങ്ങന്നൂര്‍, ആറന്മുള, തൃക്കൊടിത്താനം എന്നീ കേരളീയ മഹാക്ഷേത്രങ്ങള്‍ നമ്മാഴ്വാരുടെ പാസുരങ്ങളില് പ്രകീര്‍ത്തിതമാണ്.
വൈഷ്ണവ സംസ്കൃതിയുടെ വിശ്വചേതനാ സങ്കല്‍പ്പവും സ്നേഹഭക്തിയുടെ മന്ദാരങ്ങളും മലരണിയുന്ന നമ്മാഴ്വാരുടെ സാധനാമുക്തി പ്രമാണങ്ങള്‍ കാലകലാശാലയുടെ ചാലകശക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: