ആലപ്പുഴ: നഷ്ടത്തിൽ കൂപ്പുകുത്തിയിരിക്കുന്ന കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷനിൽ ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി കോടികൾ വെട്ടിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു. നിലവിൽ 12 തസ്തികകൾ മാത്രമുള്ളിടത്ത് 79 ഉയർന്ന തസ്തികകൾ സൃഷ്ടിച്ച് പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുകയാണ് ലക്ഷ്യം. ഉയർന്ന ശമ്പള സ്കെലിൽ നിരവധി തസ്തികകൾ സൃഷ്ടിച്ച് ലക്ഷങ്ങൾ കോഴവാങ്ങി കോടികൾ സ്വരൂപിക്കുകയാണ് ലക്ഷ്യമെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
ചില തസ്തികകളിൽ താൽക്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന പതിവ് രീതിയും ഇവിടുണ്ട്. ബഹുഭൂരിപക്ഷം തസ്തികകളിലേക്കും നിയമനം നടത്തുന്നത് മാനേജിങ് ഡയറക്ടറും ഭരണസമിതിയുമാണ് എന്നതു തന്നെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. സി.പി.എമ്മുകാരനായ ചെയർമാനും ഭരണസമിതി അംഗങ്ങളും കൂടി നിയമനത്തിലൂടെ വൻ വെട്ടിപ്പിനാണ് കളമൊരുക്കുന്നത്. കാലാവധി തീരാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് ഈ നീക്കം.
കയർമേഖലയെ ഉദ്ധരിക്കുവാൻ വേണ്ടി സ്ഥാപിച്ച കയർ കോർപ്പറേഷൻ ഇന്ന് കുത്തഴിഞ്ഞ രീതിയിൽ ഭരണകക്ഷിയുടെ താളത്തിനൊത്തു പ്രവർത്തിക്കുകയാണ്. ഇവിടുത്തെ നിയമനങ്ങൾ എപ്പോഴും വിവാദത്തിലുമാണ്. പ്രൊഫഷണൽ യോഗ്യതയുള്ളവർ ഇരിക്കേണ്ട മാനേജർ -കോസ്റ്റിങ് ആൻഡ് ട്രേഡിങ്ങ് എന്ന തസ്തികയിൽ കേവലം പത്താം ക്ലാസ് യോഗ്യതയുള്ളവരെ നിയമിച്ചത് കഴിഞ്ഞ വർഷം വിവാദമായിരുന്നു.
ശരിക്കും ശമ്പളം പോലും നൽകാൻ ശേഷിയില്ലാത്ത കയർ കോർപ്പറേഷൻ സർക്കാർ നൽകുന്ന ഗ്രാന്റുകൾ ലാഭമായി കാണിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജി. വിനോദ് കുമാർ പറഞ്ഞു. ഇതിനെതിരെ ശക്തമായ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: