ന്യൂദല്‍ഹി: ഗ്രേറ്റ ത്യുൻബെ ഉൾപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്‌നു എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ടൂള്‍കിറ്റ് നിര്‍മിച്ചത് നിഖിതയാണെന്നാണ് പോലീസിന്റെ വാദം. ഇരുവരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
മലയാളിയായ നിഖിത ജേക്കബ് മഹാരാഷ്‌ട്ര ഹൈക്കോടതിയിലെ അഭിഭാഷകയാണ്. തന്റെ അറസ്റ്റ് നാല് ആഴ്ചയെങ്കിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിഖിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പുമടക്കം എല്ലാ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തുവെന്ന് നിഖിത ഹർജിയിൽ ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്നുളള പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവി(21)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റാണിത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാംപെയ്നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷയ്‌ക്കെതിരായ കുറ്റം.
കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ച് ഗേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ ഫെബ്രുവരി നാലിനാണ് പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടത് എങ്ങനെയെന്നായിരുന്നു ടൂര്‍ കിറ്റില്‍ വിശദീകരിച്ചിരുന്നത്. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ദല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ വ്യക്തമാക്കിയിരുന്നു.
ത്യൂന്‍ബെയുടെ ട്വീറ്റിന് പിന്നാലെ ഇന്ത്യ അനുകൂല ട്വീറ്റുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ രാജ്യത്തിന് അകത്തുനിന്ന് നിരവധി സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: