കണ്ണൂര്‍: 2000 സെപ്റ്റംബര്‍ 27ന് ചെറുവാഞ്ചേരിയിലെ അസ്‌നയെന്ന പെണ്‍കുട്ടിക്ക് ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഭാഷകന്റെ ആത്മകഥ. കൂത്തുപറമ്പിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം.കെ. രഞ്ചിത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ”ഒരു അഭിഭാഷകന്റെ ഓര്‍മ്മ കുറിപ്പുകള്‍” എന്ന ഗ്രന്ഥത്തിലാണ് അസ്‌ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികളെല്ലാം നിരപരാധികളാണെന്നും ഒരേ ഒരാള്‍ എറിഞ്ഞ ബോംബ് പൊട്ടിയാണ് കാലിന് പരിക്കേറ്റതെന്നും വ്യക്തമാക്കുന്നത്. സംഭവം ഊതി വീര്‍പ്പിച്ച് നിരവധി യുവാക്കളെ പ്രതികളാക്കിയത് പോലീസും മാധ്യമങ്ങളും ചേര്‍ന്നാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പതിമൂന്ന് പേര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
ചെറുവാഞ്ചേരിയിലെ അത്യാറക്കാവിന്റെ മേല്‍നോട്ടമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന് ഉത്സവം നടത്താന്‍ സാധിക്കാതായി. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുളള വനിതകള്‍ ക്ഷേത്ര ഉത്സവം ഭംഗിയായി നടത്തി. തുടര്‍ന്നുളള കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് ക്ഷേത്ര നടത്തിപ്പിനുളള അധികാരം നഷ്ടപ്പെട്ടു. അതുവഴി മേഖലയിലെ സ്വാധീനം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു അസ്‌ന കേസില്‍ സംഘ പ്രവര്‍ത്തകരെ കുടുക്കുന്നതിലേക്കെത്തിയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു.
”തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന ഘട്ടത്തില്‍ ബാലറ്റുപെട്ടിയുമായി അവര്‍ ഓടി, പുറകെ ഓടിയ ഒരാള്‍ ബോംബെറിയുന്നു, ബാലറ്റുമായി ഓടിയവര്‍ ഓടി കയറിയത് അസ്‌നയുടെ വീട്ടില്‍, ഏറ് കൊണ്ടത് നിരപരാധിയയായ കുട്ടിയുടെ കാലില്‍. എന്നാല്‍ ആരോ ഒരാള്‍ എറിഞ്ഞ ബോംബിന്റെ പേരില്‍ സ്ഥലത്ത് പോലും ഇല്ലാത്ത ഒരുപാട് പേരെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യപ്പെട്ടു എന്നതാണ് സത്യം” അഭിഭാഷകന്‍ പറയുന്നു. ബാലറ്റ് പെട്ടിയെടുത്ത് ഓടിയതിനു ശേഷവും ഇലക്ഷന്‍ ക്യൂവില്‍ നിന്നപ്പോള്‍ കുത്തിയെന്നു പറഞ്ഞായിരുന്നു കേസ്. എന്നാല്‍ ബാലറ്റ് പെട്ടിയെടുത്ത് ഓടിയ എഫ്‌ഐആര്‍ സമയംവെച്ച് കേസ് പൊട്ടുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
ദേശ സ്‌നേഹിയെന്ന നിലയില്‍ യൗവ്വനകാലം തൊട്ടേ സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായിരുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളേയും വെല്ലുവിളികളേയുമെല്ലാം മനക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും അതിജീവിച്ചതിനേ കുറിച്ചും പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ഗുമസ്തനും ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹുമായിരുന്ന മോഹനന്റെ മരണം തന്റെ ജീവിതത്തിലുണ്ടാക്കിയ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ലെന്നു പറയുന്ന രഞ്ജിത്ത് മോഹനന്റെ കൊലപാതക ദിവസം അമ്മ നിര്‍ദ്ദേശിച്ച പ്രകാരം കുടുംബത്തിന്റെ എല്ലാമായിരുന്ന സ്ത്രീയെ കാണാന്‍ ആശുപത്രിയിലേക്ക് പോയിരുന്നില്ലെങ്കില്‍ ഇന്ന് ഈ ആത്മകഥയെഴുതാന്‍ ഒരു പക്ഷേ ഞാനുണ്ടാവുമായിരുന്നില്ലെന്നും വ്യക്തമാക്കുന്നു.
മോഹനന്റെ മരണത്തിന് മുമ്പും ശേഷവും എന്ന് തന്റെ ജീവിതത്തെ രണ്ട് ഘട്ടമായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുമായി തനിക്കുണ്ടായിരുന്ന വളരെ അടുത്ത ബന്ധം ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. മരണത്തിന് തൊട്ടുതലേന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞ ”ഞാന്‍ എന്തു ചെയ്തിട്ടാ എനിക്ക് ഭീഷണി, ഞാന്‍ ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല” എന്ന വാക്കുകള്‍ ഇന്നും തന്റെ മനസ്സില്‍ ജയകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മ്മകളായി സൂക്ഷിക്കുന്നതായി അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ ജീര്‍ണ്ണിച്ചു കിടന്ന കോട്ടയം തൃക്കൈകുന്ന് ശിവക്ഷേത്രം ക്ഷേത്ര സംരക്ഷണസമിതി ഏറ്റെടുത്തതും ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതിന് പിന്നിലെ പ്രവര്‍ത്തനങ്ങളും ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌ക്കൂളിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്ക് താനടക്കമുളള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നുണ്ട്.
രണ്ട് തവണ നിയമസഭയിലേക്കും ഒരു തവണ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുഭവങ്ങള്‍ വ്യക്തമാക്കുന്നതൊടൊപ്പം സംഘപരിവാര്‍ സഹയാത്രികനെന്ന ഒറ്റക്കാരണത്താല്‍ രാഷ്‌ട്രീയ അതിപ്രസരമുളള കൂത്തുപറമ്പ് മേഖലയിലെ അഭിഭാഷകര്‍, ഗുമസ്തന്മാര്‍, മറ്റ് ജുഡീഷ്യല്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്നും വര്‍ഷങ്ങളായി നേരിട്ട അവഗണനകളും ഒറ്റപ്പെടുത്തലുകളും ഗ്രന്ഥം തുറന്നു കാട്ടുന്നു. സിപിഎം അക്രമ രാഷ്‌ട്രീയത്തിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ ജിവിച്ച കൂത്തുപറമ്പ് മേഖലയിലെ താനടക്കമുളളവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചുളള പരാമര്‍ശങ്ങളുമടങ്ങുന്ന നാല്‍പ്പതോളം അധ്യായങ്ങളുളള പുസ്തകം കൂത്തുപറമ്പിലെ ദി സ്‌ക്കൂള്‍ ഓഫ് ഹഡയോഗ ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: