ന്യൂദല്‍ഹി: രാജ്യത്തെ കണ്ണീരില്‍ ആഴ്‌ത്തിയ പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വര്‍ഷം. 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. 40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തപോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയത്.
2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു ഭീകര സംഘടനയുടെ ചാവേര്‍. തിരിച്ചറിയാനാകാത്ത വിധം വാഹനം ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നു. വയനാട് ലക്കിടി സ്വദേശി വി.വി. വസന്ത കുമാറുള്‍പ്പെടെ 76ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ആക്രണത്തിന് തൊട്ടു മുന്‍പ് ചിത്രീകരിച്ച വീഡിയോയും പിന്നീട് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പുറത്തു വിട്ടിരുന്നു. എകെ 47 നുമായി നില്‍ക്കുന്ന ചാവേറിനെ വീഡിയോയില്‍ ദൃശ്യമായിരുന്നു. ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകം കഴിഞ്ഞ വര്‍ഷമാണ് ലത്‌പോരയിലെ സിആര്‍പിഎഫ് ക്യാംപില്‍ ഉദ്ഘാടിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു ബലാകോട്ട് വ്യോമാക്രമണം. പുല്‍വാമ ഭീകരാക്രമണം നടന്ന് 12ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെ ബലാകോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മൂഹമ്മദ് നേതാവ് മസൂദ് അസര്‍ ആണെന്നതിന് ഇന്ത്യയ്‌ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി.

അസറിന്റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാന്‍ സ്വദേശിയും താലിബാന്‍ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്. 1998ലാണ് മസൂദ് അസര്‍ ജയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചത്.
തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണം കാരണമായി കണ്ട് ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാ സമിതിയുടെ യോഗത്തില്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഉപസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി ഇന്ത്യ ഉന്നയിക്കുന്ന ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: