മക്കളേ,
ജീവിതത്തില്‍ വിജയം ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ വളരെക്കുറച്ചുപേര്‍ മാത്രമേ ജീവിതവിജയത്തിന്റെ സംതൃപ്തി അനുഭവിക്കുന്നുള്ളു. മറ്റുള്ളവര്‍ ജീവിതത്തില്‍ വീണ്ടും വീണ്ടുംപരാജയങ്ങളേറ്റുവാങ്ങിനിരാശയിലാണ്ടു ജീവിതം നയിക്കുന്നു.ഇതിനുപ്രധാന കാരണം ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തതും,ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ട മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഇല്ലാത്തതുമാണ്.
പരാജയപ്പെടുന്ന പലരും സ്വന്തം പരാജയം ന്യായീകരിക്കാന്‍ ഇങ്ങനെ വാദിക്കാറുണ്ട്,മറ്റുള്ളവര്‍ക്ക് വിജയിക്കാന്‍ തക്ക സൗകര്യങ്ങളുണ്ടായിരുന്നു. എനിക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, പല പല തടസ്സങ്ങളും നിരന്തരം വന്നുകൊണ്ടിരുന്നു. ഇത്തരം ഒഴിവുകഴിവുകള്‍ വാസ്തവത്തില്‍ നമ്മുടെ ലക്ഷ്യബോധത്തിന്റെയും ഇച്ഛാശക്തിയുടെയും കുറവാണ് കാണിക്കുന്നത്. ഏതു കാര്യത്തിലും വിജയിക്കണമെങ്കില്‍ മാര്‍ഗ്ഗവിഘ്‌നങ്ങളെ തരണംചെയ്യാനുള്ള ഇച്ഛാശക്തിയും പ്രയത്‌നവും ഉണ്ടാകണം.
എഞ്ചിനീയറാകണം, ഡോക്ടറാകണം, എന്നൊക്കെ ആഗ്രഹമുള്ള കുട്ടികള്‍ ലക്ഷ്യബോധത്തോടെ ശരിക്കു പഠിക്കുന്നു. ലക്ഷ്യബോധം വരുന്നതോടെ ജീവിതത്തില്‍ ഒരു ചിട്ട തനിയെ വരുന്നു. ലക്ഷ്യബോധമുള്ളവരെ സാഹചര്യങ്ങള്‍ തടസ്സപ്പെടുത്തിയാലും അവര്‍ അതിനെ അതിജീവിക്കും.
ഒരിക്കല്‍ ഒരു അമ്മയും മകനും ഉത്സവം കാണാന്‍ പോയി. ഉത്സവപ്പറമ്പിന്റെ മദ്ധ്യത്തില്‍ വിശാലമായ വേദിയില്‍ സംഗീതനൃത്തപരിപാടികള്‍ അരങ്ങേറുന്നു. അതിനുചുറ്റുമായി അനേകം ഭക്ഷണശാലകളും, വസ്ര്തങ്ങളും ആഭരണങ്ങളും കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന കടകളുമുണ്ട്. അമ്മയുടെ കൈപിടിച്ച് കൊച്ചുകുട്ടിയും അതെല്ലാം കൗതുകത്തോടെ നോക്കിനടന്നു. അല്പനേരത്തേക്ക് അവര്‍ക്ക് മകനെക്കുറിച്ചുള്ള ശ്രദ്ധ നഷ്ടപ്പെട്ടു. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ മകനെ കണ്ടില്ല. അവര്‍ ഉത്കണ്ഠയോടെ ചുറ്റുപാടും നോക്കി. അവിടെയെങ്ങും അവനെ കാണാനില്ല. അവര്‍ പരിഭ്രാന്തയായി ഉത്സവപ്പറമ്പിന്റെ മുക്കിലും മൂലയിലും മകനെ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു, ‘എന്റെ മകന്‍ എവിടെ?’. തനിക്കു ചുറ്റും അരങ്ങേറുന്ന സംഗീതവും നൃത്തവുമൊന്നും അവര്‍ അറിഞ്ഞതേയില്ല. എല്ലാ ദൃശ്യങ്ങളും കണ്ണില്‍ പതിയുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കണ്ടില്ല. ഇതുപോലെ ലക്ഷ്യബോധം ഉള്ളവരുടെ മനസ്സില്‍ പ്രതികൂലചിന്തകള്‍ക്കും തടസ്സങ്ങള്‍ക്കും ഒരു സ്ഥാനവുമുണ്ടാവില്ല. എന്തു ത്യാഗം സഹിക്കാനും അവര്‍ തയ്യാറാകും. ഇത്തരം ലക്ഷ്യബോധം ഉണ്ടാകണമെങ്കില്‍ ലക്ഷ്യത്തിന്റെ മൂല്യം ആദ്യം മനസ്സിലാക്കണം.
ജീവിതത്തില്‍ നമുക്ക് സാധിക്കേണ്ടത് എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വളര്‍ത്തിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം ആ ലക്ഷ്യത്തെക്കുറിച്ചുള്ള നിരന്തര ബോധവുമുണ്ടാകണം. ഇതു രണ്ടുമുണ്ടായാല്‍ മറ്റുള്ള ഗുണങ്ങളെല്ലാം സ്വാഭാവികമായി വന്നുചേരും. ലക്ഷ്യബോധം ഉറയ്‌ക്കുമ്പോള്‍ ലക്ഷ്യപ്രാപ്തിക്കു തടസ്സമായ ദുശ്ശീലങ്ങളും, ദൗര്‍ബ്ബല്യങ്ങളും കൊഴിഞ്ഞുപോകുന്നു. ലക്ഷ്യം നേടിയെടുക്കുവാന്‍ ആവശ്യമായ സകലഗുണങ്ങളും ക്രമേണ വന്നുചേരുന്നു. അതിനാല്‍ ഉറച്ച ലക്ഷ്യബോധംതന്നെയാണ് പരമപ്രധാനം.
മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യം ആത്മസാക്ഷാത്കാരമാണെന്ന് ആദ്ധ്യാത്മികശാസ്ര്തങ്ങള്‍ പറയുന്നു. ഈ സത്യം ഉള്‍ക്കൊണ്ട് ജീവിതം സാര്‍ത്ഥകമാക്കാന്‍ നമുക്കു കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: