അഭിമാനത്തോടെ ഒരു പുസ്തകം സമര്‍പ്പിക്കപ്പെടുകയാണ്…
”നൂറ്റാണ്ടുകള്‍ നിന്ദിതരും പീഡിതരുമായി കഴിഞ്ഞ ജനകോടികള്‍ക്ക് ഭരണാധികാരത്തിന്റെ സദ്ഫലങ്ങളിലൂടെ അഭിമാനവും മോചനവും നല്കിയ നവഭാരതത്തിന്റെ നായകന് നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക്…..” ഇങ്ങനെയൊരു സമര്‍പ്പണം മുന്‍പ് ഉണ്ടായിരിക്കാനിടയില്ല.
‘അമിത് ഷാ ആധുനിക ചാണക്യന്’ എന്ന രചനയിലൂടെ മുരളി പാറപ്പുറം എന്ന എഴുത്തുകാരന് ചരിത്രത്തിന്റെ അപൂര്വതകളിലൊന്നിന് ഉടമയാവുകയാണ്. യാദൃച്ഛികം എന്ന് ആമുഖത്തില്‍ വിനയാന്വിതനാകുന്നുവെങ്കിലും ഇത് കാലത്തിന്റെ അനിവാര്യതയും, കാലഘട്ടത്തിന്റെ ഇച്ഛയുമായി പിറന്നുവീണ കൃതിയാണ്. കൃത്യമായ ദിശാവ്യതിയാനങ്ങള്‍ നിലപാടുകളിലൂടെ രാജ്യത്തെ കാട്ടിത്തന്നത് അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരാണ്. പരമവൈഭവത്തിലേക്കുള്ള രാഷ്ട്രത്തിന്റെ ചുവടുവയ്പ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അഭിനവ ചന്ദ്രഗുപ്തനും ചാണക്യനും പിന്നാലെ വരുന്നുണ്ട് എന്നതിന്റെ സൂചനകള്‍ രാഷ്ട്രീയ ചക്രവാളത്തില്‍ അന്നേ ദൃശ്യമായിരുന്നു.
പ്രതിസന്ധികളും ദുരന്തങ്ങളും കലാപങ്ങളും നിറഞ്ഞ ഗുജറാത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഉദയം ചെയ്യുകയും, അസ്തമിക്കാത്ത അരുണശോഭയോടെ രാഷ്ട്രത്തെ വിശ്വത്തിനു മാതൃകയാക്കി വളര്‍ത്താനുള്ള നിയോഗം ഏറ്റെടുത്ത് മുന്നേറുകയും ചെയ്ത മഹാനായകന്റെയും മാതൃകാസംഘാടകന്റെയും ജീവിതം മലയാളിക്ക് മുന്നില്‍ വരച്ചിടുക എന്ന കാലത്തിന്റെ ദൗത്യം നിര്‍വഹിക്കുകയാണ് ഗ്രന്ഥകാരന്. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ജീവിതവും ദര്‍ശനവും മലയാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ കൃത്യതയോടെ, ആധികാരികതയോടെ പറഞ്ഞുവച്ച രചനകളാണ് നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന് എന്ന ആദ്യ പുസ്തകവും, അമിത്ഷാ ആധുനിക ചാണക്യന് എന്ന ഇപ്പോള്‍ പുറത്തിറങ്ങിയ പുസ്തകവും.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹികമണ്ഡലങ്ങളില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് ദേശീയ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ വേറെയില്ല. അധികാരരാഷ്ട്രീയത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന കേരളത്തിലെ ഇടതു വലത് മുന്നണികളും, അവര്‍ക്ക് കുടപിടിക്കുകയും കുഴലൂതുകയും ചെയ്യുന്ന മാധ്യമ, ബുദ്ധിജീവിപ്പടയും ഭയപ്പാടോടെ കാണുന്ന രണ്ട് നേതാക്കള്‍… ഇവരെക്കുറിച്ചുള്ള കെട്ടുകഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് സാധാരണക്കാരന്റെ വീട്ടുമുറികളിലെത്രയോ തവണ ചാനലുകള്‍ ചവച്ചുതുപ്പിയിരിക്കുന്നു. തിരുത്ത് വേണ്ടവര്‍ക്ക് തിരുത്താന്‍ അവസരമൊരുക്കുകയെന്ന ധീരമായ ഒരു ലക്ഷ്യമുണ്ട് മുരളി പാറപ്പുറത്തിന്റെ ഈ രചനയ്ക്ക്. കഥയറിഞ്ഞ് ആട്ടം കാണാന്‍ സ്വയംപ്രഖ്യാപിത പ്രബുദ്ധന്മാരോടുള്ള വിനയപൂര്‍വമുള്ള ഒരു ആഹ്വാനം കൂടിയാണത്.
ധര്‍മ്മരാജ്യത്തിന്റെ കരുത്തനായ മന്ത്രിയായിരുന്നു ഭീമസേനന് എന്ന് പണ്ഡിതനായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മഹാഭാരതത്തെ നിരീക്ഷിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധര്‍മ്മപുത്രര്‍ നേതൃത്വം നല്കിയ ‘മഹാഭാരത’ത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന സാക്ഷാല്‍ ഭീമസേനനെക്കുറിച്ചുള്ള ആ വിലയിരുത്തല്‍ ഇങ്ങനെയാണ്: ”കാറ്റിനെപ്പോലെയായിരുന്നു യുധിഷ്ഠിര രാജാവിന്റെ ഭരണചക്രത്തെ സ്വന്തം തോളിലേറ്റിയ മഹാമാത്യന്റെ പ്രകൃതം. ചിലപ്പോള്‍ മന്ദമാരുതനായി, ചിലപ്പോള്‍ കൊടുങ്കാറ്റായി, വിയര്ത്തുഷ്ണിക്കുവോര്ക്ക് തണുവായി, തണലായി, വഴിയില്‍ വിഘാതമാവുന്നവര്ക്ക് വിനാശകാരിയായി, പെയ്യാന്‍ മടിച്ച് പിണങ്ങി മുഖം കറുപ്പിക്കുന്ന മേഘക്കൂട്ടങ്ങളെ അലിയിക്കുന്ന തലോടലായി, സമൃദ്ധിയുടെ പാതയിലേക്ക് സമസ്തരെയും നയിക്കുന്ന മഴപ്പെയ്ത്തായി എല്ലാവരെയും അത് അനുഭവിപ്പിച്ചുകൊണ്ടേയിരുന്നു…’
2300 വര്‍ഷത്തിനു ശേഷം ജനമനസ്സുകളില്‍ ചന്ദ്രഗുപ്തന്റെ സ്മരണകളുണര്ത്തിയതാണ് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദാരോഹണമെന്ന് മുരളി പാറപ്പുറം ചൂണ്ടിക്കാട്ടുന്നു. അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, ”ചന്ദ്രഗുപ്തന്റെയും ചാണക്യന്റെയും മനസ്സും ബുദ്ധിയും സംഗമിക്കുന്ന ഒരു യുഗപുരുഷനു മാത്രമാണ് ആധുനികഭാരതത്തെ അതിന്റെ അപാരമായ ശക്തിയിലേക്കും അളവറ്റ സമൃദ്ധിയിലേക്കും സാംസ്കാരിക മഹത്വത്തിലേക്കും നയിക്കാനാവുക. ഈ ചരിത്രനിയോഗം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.”
സര്‍ഖേജിന്റെ നായകനായി തുടങ്ങി പുതിയ സര്‍ദാര്‍ പട്ടേലായി മാറിയ അമിത്ഷായുടെ കര്‍മ്മകാണ്ഡം വശ്യമായ ഭാഷയുടെയും സൂക്ഷ്മമായ നിരീക്ഷണത്തിന്റെയും വസ്തുനിഷ്ഠമായ അവതരണത്തിന്റെയും പിന്‍ബലത്തോടെ അടുക്കിച്ചേര്ക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ കരുത്ത്. വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും കരുത്താക്കിവളര്ന്ന ഒരു നേതാവ് കോടാനുകോടി വരുന്ന ഒരു ജനതതിയുടെ മനസ്സില്‍ ഇളക്കമില്ലാത്ത വിശ്വാസമായി കുടിയേറിയതെങ്ങനെയെന്ന് സമ്മോഹനമായ രീതിയില്‍ ഇതില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ‘ഹമാരെ പാസ് അമിത് ഷാ ഹേ’ എന്ന് ഏത് പ്രതിസന്ധിയിലും തളരാത്ത മനസ്സോടെ ഒരു ജനത കരുതുന്നതിന്റെ അടയാളങ്ങളത്രയും ഈ അക്ഷരചിത്രങ്ങളില്‍ തെളിയുന്നുണ്ട്. ഗുജറാത്തില്‍, യുപിയില്‍, ദല്‍ഹിയില്‍…. ഭാരതമാകെ കടലിരമ്പം പോലെ ഒരു മനുഷ്യന്റെ ചലനങ്ങള്‍….. നിരന്തര യാത്രകള്‍, കുറിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് മാത്രം ഉറപ്പിച്ച കണ്ണുമായി ആധുനിക ഭാരതത്തിന്റെ ചാണക്യന് നിലയുറപ്പിക്കുന്നതിന്റെ ഐതിഹാസികമായ രേഖപ്പെടുത്തലാണ് 170 പേജില്‍ നിറയുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന് പ്രസിദ്ധീകരിച്ച് മലയാളിയുടെ വായനയെ പുതു ബോധത്തിലേക്കുണര്‍ത്തിയ ബുദ്ധ ബുക്സാണ് ഈ പുസ്തകത്തിന്റെയും പ്രസാധകര്. ജസ്റ്റിസ് കെ.ടി. തോമസിന്റെ പ്രൗഢമായ അവതാരിക ആധികാരികതയ്ക്ക് ആഴം കൂട്ടുന്നു. ‘വിസ്മയാവഹമായ യത്ന’മെന്ന ജസ്റ്റിസിന്റെ വിലയിരുത്തല്‍ വലിയൊരു ബഹുമതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: