ദേശമെഴുത്ത് ഇന്നൊരു സാഹിത്യശാഖ തന്നെയായിട്ടുണ്ട്. കൃത്യമായി വേര്‍തിരിച്ചെടുക്കാനാവാത്തവിധം അറിവുകളുടെ വകഭേദങ്ങളും ഓര്‍മകളുടെ അടരുകളും ചരിത്രപരമായ വസ്തുതകളുമൊക്കെ രാഷ്ട്രീയമായ ശരിതെറ്റുകളുടെ കെട്ടുപാടുകളൊന്നുമില്ലാതെ രേഖപ്പെടുത്തുന്ന ദേശമെഴുത്ത് ഓരോ തരം ഉള്ളെഴുകളാണ്. കലാസാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിച്ചവരുടെ ജന്മനാടുകള്ക്കാണ് പലപ്പോഴും ഈ സൗഭാഗ്യം ലഭിക്കുക. ഇവരുടേത് വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പായി മാറുമ്പോള്‍ ചരിത്രത്തിലും സംസ്കാരത്തിലുമൊക്കെ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുള്ള പല ഗ്രാമങ്ങളും ഇത്തരം ആഖ്യാനങ്ങള്‍ക്ക് പുറത്താവുന്നു.
മധ്യകേരളത്തില്‍ അദൈ്വത ഭൂമിയായ കാലടിയില്‍നിന്ന് വളരെയൊന്നും അകലെയല്ലാതെ പെരിയാറിനോട് ചേര്‍ന്നുകിടക്കുന്ന നീലീശ്വരം എന്ന ഗ്രാമവും ഇപ്പോള്‍ ദേശമെഴുത്തിനാല് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കഥാകാരനും നാടകപ്രവര്‍ത്തകനുമൊക്കെയായ പീതാംബരന് നീലീശ്വരം എഴുതിയ ‘നീലീശ്വരം- സാംസ്കാരിക പാദമുദ്രകള്‍’ എന്ന പുസ്തകം ദേശാനുഭവങ്ങളുടെ നിരവധിയായ ഓര്മചിത്രങ്ങള് നിറഞ്ഞവയാണ്.
പഴമക്കാരുടെ ശകലിതങ്ങളായ ഓര്മകളാല് പരിമിതപ്പെടുമായിരുന്ന ഒരു ഗ്രാമസംസ്കൃതിയുടെ വീണ്ടെടുപ്പാണ് ഗ്രന്ഥകാരന് നടത്തിയിരിക്കുന്നത്. സ്ഥലനാമങ്ങള്‍, പുരാവൃത്തങ്ങള്‍, ഐതിഹ്യങ്ങള്‍, ദൈവങ്ങള്‍, ദേവാലയങ്ങള്‍, അതിമാനുഷര്‍, സാധാരണ മനുഷ്യര്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍, സമരങ്ങള്‍, ദുരന്തങ്ങള്‍, ദുരിതങ്ങള്‍, ആധുനിക കാലത്തെ രാഷ്ട്രീയവും സാമുദായികവുമായ അന്തര്‍ധാരകള്‍, സിനിമാ-റേഡിയോ അനുഭവങ്ങള്‍, വ്യവസായ-കാര്‍ഷിക പുരോഗതിയും തകര്‍ച്ചയും എന്നിവയൊക്കെ ഒരു കാലിഡോസ്കോപ്പിലൂടെ കാണുന്നതുപോലെ ഗ്രന്ഥകാരന് അവതരിപ്പിച്ചിട്ടുണ്ട്. കേരളീയമെങ്കിലും ഈ നാടിന്റെ സവിശേഷമായ ഭൂപ്രകൃതിയുടെ നേര്‍ക്കുപിടിച്ച കണ്ണാടിപോലെ ലളിതവും ഹൃദ്യവുമായ വിവരണങ്ങള്‍ ഉള്ളടക്കത്തെ വ്യത്യസ്തമാക്കുന്നു. അക്കാദമിക് രീതിയില്‍ പഠിച്ചെഴുതുമ്പോഴുണ്ടാകുന്ന യാന്ത്രികതയില്ല. വര്‍ഷങ്ങളോളം ഉള്ളില്‍ക്കിടന്ന് തിടംവച്ച നേരറിവുകള്‍ പകര്‍ത്തുകയാണ്. ഉള്‍പ്രേരണയാണ് എഴുത്തിനെ നയിക്കുന്നത്.
കാലഘട്ടങ്ങളെ വേര്‍തിരിക്കുന്ന അക്കങ്ങളും, അക്ഷരപ്പെരുക്കങ്ങളുമായി ഉള്ളടക്കം മാറുന്നില്ല. ഇതിനു പകരം ഒരു ഗ്രാമസംസ്കൃതിയുടെ ക്രമരഹിതമായ നാള്വഴിയിലേക്കും, നാട്ടിന്‍പുറത്തെ നന്മകളിലേക്കും, പച്ച മനുഷ്യരുടെ സഹജപ്രകൃതങ്ങളിലേക്കും ഇരുകയ്യും വീശി നടന്നുചെല്ലുകയാണ് ഗ്രന്ഥകാരന്. ഒരു പറ്റം മനുഷ്യരെ അവരുടെ ഗൃഹാതുരമായ ഓര്‍മകളിലേക്ക് പുനരാനയിക്കുകയെന്ന സാംസ്കാരിക ദൗത്യം നിറവേറ്റാനുള്ള ശേഷി ഈ പുസ്തകത്തിനുണ്ട്.
ദേശം ഇക്കാലത്ത് കൃത്യമായി അതിരിടാവുന്ന ഒരു പ്രദേശമല്ല. അതിജീവനത്തിനുള്ള ഉപാധികള്‍ തേടി ദേശാന്തരങ്ങളിലേക്ക് അകന്നുപോയി മറ്റൊരു ആവാസവ്യവസ്ഥയില്‍ അധിവസിക്കുന്നവര്‍ക്കും ആശയ-ദൃശ്യ-ശ്രാവ്യ വിനിമയങ്ങളിലൂടെ എപ്പോള്‍ വേണമെങ്കിലും ഒന്നിക്കാന്‍ കഴിയുന്നു. ഇവിടെ ദേശാതിര്‍ത്തികള്‍ വന്‍കരയോളം വികസിക്കും. ഇപ്രകാരം ആഗോളവല്‍ക്കരിക്കപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് നീലീശ്വരവും. ഇക്കാരണത്താല്‍ നീലീശ്വരത്തിന്റെ സാംസ്കാരിക പാദമുദ്രകള്‍ സൃഷ്ടിക്കുന്ന വായനാനുഭവങ്ങളുടെ തരംഗദൈര്‍ഘ്യം വളരെ കൂടുതലായിരിക്കും.
ഗ്രന്ഥകാരന് അടിസ്ഥാനപരമായി ഒരു സഹൃദയനാണ്. സ്വാഭാവികമായും നീലീശ്വരത്തിന്റെ കലാഭിമുഖ്യം എഴുത്തില്‍ പ്രകടമാകുന്നുണ്ട്. വരികള്‍ക്കിടയില്‍ നര്‍മത്തിന്റെ നനവൂറുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ്. പേരുകള്‍കൊണ്ട് വേറിട്ടു നില്ക്കുന്ന ഗ്രാമങ്ങള്‍ ഒരിക്കലും കൊട്ടിയടയ്ക്കപ്പെട്ട കോട്ടകളല്ല. പല നാടുകളില്‍ നിന്നും വരുകയും പോവുകയും വാസമുറപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍. അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍. ഇവയൊക്കെ നീലീശ്വരത്തിന്റെ മണ്ണില്‍ എങ്ങനെയെല്ലാമാണ് സംഭവിച്ചതെന്ന് രേഖപ്പെടുത്തുന്നതില്‍ ഗ്രന്ഥകാന് വിജയിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ വിദൂര ഭൂതകാലത്തിലും സജീവമായ വര്‍ത്തമാനകാലത്തിലും ഒരുപോലെ വ്യാപരിക്കാന്‍ എഴുത്തുകാരനെപ്പോലെ വായനക്കാര്‍ക്കും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: