ന്യൂദല്‍ഹി : പ്രതിഷേധിക്കുന്നതിനായി ദീര്‍ഘകാലം പൊതുസ്ഥലം കൈയ്യടക്കി വെയ്ക്കുന്നത് അംഗീകരിക്കില്ല.പ്രതിഷേധം നടത്താനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധം നടത്താനുള്ള ഒന്നല്ലെന്നും സുപ്രീംകോടതി. ഷഹീന് ബാഗ് കേസിലെ പുനഃപരിശോധന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 12 ആക്ടിവിസ്റ്റുകള്‍ നല്കിയ പുനപരിശോധന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
പ്രതിഷേധം നടത്താനുള്ള അവകാശം എന്നത് എപ്പോഴും എവിടേയും നടത്താം എന്നതല്ല. മറ്റുള്ളവരുടെ മൗലികാവകാശത്തെ ബാധിക്കുന്ന രീതിയില്‍ ദീര്‍ഘകാലം സ്ഥലം കൈയ്യടക്കി വെയ്ക്കുന്നത് അംഗീകരിച്ചു നല്കാന് സാധിക്കില്ല. നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധം നടത്താന്‍ സാധിക്കൂ. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഷഹീന് ബാഗ് കേസ് പുനപരിശോധനാ ഹര്‍ജി തള്ളിയതോടൊപ്പം കേസ് തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശം തന്നെയാണ്. എന്നാല്‍ അതിലും ചില കടമകള്‍ ഉണ്ട്. ഇതിനു മുമ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും കോടതി അറിയിച്ചു. ഈ വിഷയത്തില്‍ ഇനി പുനഃപരിശോധന നടത്തേണ്ട ആവശ്യം കാണുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ക്യാംപസിനുള്ളില്‍ കയറി പൊലീസ് ആക്രമിച്ചെന്നാരോപിച്ചാണ് 2019 ഡിസംബര്‍ 15 നു ഷഹീന് ബാഗില്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കോടതി പ്രതിഷേധം തുടരാമെന്നും എന്നാല്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാകണമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: