ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീടിനും ഓഫിസിനും അധികസുരക്ഷ. പിടിയിലായ ജയ്ഷെ മുഹമ്മദ് തീവ്രവാദിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യ നടത്തിയ 2016-ലെ മിന്നലാക്രമണത്തിനും 2019-ലെ ബാലാക്കോട്ട് ആക്രമണത്തിനും പിന്നാലെയാണ് അജിത് ഡോവലിനെ ഭീകരര്‍ ലക്ഷ്യമിട്ടത്.
പാക്കിസ്ഥാനില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡോവലിനെതിരെ സര്‍ദാര്‍ പട്ടേല്‍ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളിലും ഗൂഢാലോചന നടന്നുവെന്നാണ് ജയ്ഷെ ഭീകരന് ഹിദായത്തുള്ള മാലിക്കില്‍നിന്ന് വിവരം കിട്ടിയത്. ഫെബ്രുവരി ആറിനാണ് ഇയാള്‍ പിടിയിലായത്. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ട്.
2019 മെയ് 24ന് ശ്രീനഗറില്‍നിന്ന് വിമാനമാര്‍ഗം ദല്‍ഹിയിലെത്തി ഡോവലിന്റെ ഓഫിസിന്റെയും സുരക്ഷയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പാകിസ്ഥാനിലേക്ക് കൈമാറിയെന്നാണ് ഷോപ്പിയാന്‍ സ്വദേശിയായ മാലിക്കിന്റെ വെളിപ്പെടുത്തല്‍. ഇതുകൂടാതെ കഴിഞ്ഞവര്‍ഷം നവംബറില്‍ ജമ്മുകാശ്മീര്‍ ബാങ്കില്‍നിന്ന് 60 ലക്ഷം കൊള്ളിയടിച്ചുവെന്നും ഇതേവര്‍ഷം മെയില്‍ ചാവേര്‍ ആക്രമണത്തിനായി കാര്‍ നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: