സീതാസ്വയംവരത്തിന് മിഥിലാപുരിയെ കമനീയമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ജനകമഹാരാജാവ്. ചുമരുകളില്‍ ചിത്രമെഴുതി കൊട്ടാരവും അലങ്കാരച്ചാര്ത്തുകളാല് കമനീയമാക്കണം. കൊട്ടാരം മാത്രമല്ല, പ്രജകളുടെ വീടുകളും അതുപോലെയാവണം. രാജാവ് ഉത്തരവിട്ടതോടെ മിഥിലയിലെ സ്ത്രീകള്‍ അതിന്റെ ചുമതലയേറ്റെടുത്തു. നാട്ടുചെടികളുടെ ഇലയും പൂക്കളും പിഴിഞ്ഞെടുത്ത നിറങ്ങളാല്‍ അവര്‍ ചുമരില്‍ ചിത്രമെഴുതി. കൊട്ടാരവും കുടിലുകളും ഒരുപോലെ മനോഹരമാക്കി. സ്വയംവരം കഴിഞ്ഞിട്ടും ചിത്രവര്ണങ്ങള് മായാതെ നിന്നു. അവയുടെ കീര്‍ത്തി കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് നീണ്ടു. മിഥിലയെ വര്ണാഭമാക്കിയ വിസ്മയ ചിത്രങ്ങള്‍ അങ്ങനെ ‘മധുബനി’യെന്ന് ലോകപ്രസിദ്ധമായി.
ചിത്രകലയിലെ ‘പെണ്ണെഴുത്ത്’
പഴയ മിഥിലയാണ് ഇന്നത്തെ ബീഹാര്‍. ഉത്തര ബീഹാറെന്ന് കൃത്യമായി പറയാം. ബീഹാറിലെ ഒരു ജില്ലയുടെ പേരും മധുബനിയെന്നാണ്. ഭാരതത്തിന്റെ ചുമര്‍ചിത്ര പാരമ്പര്യത്തില്‍ രാമായണത്തോളം പഴക്കമുള്ള മധുബനി (മിഥില ആര്‍ട്) ഇന്നും ഉത്തര ബീഹാറിലെ സ്ത്രീകള്‍ക്ക് അതിജീവനവും ഉപജീവനവുമാകുന്നു. അമ്മയില്‍ നിന്ന് പെണ്മക്കളിലേക്ക് പകര്‍ന്നൊഴുകുന്ന കലാചാതുരി. പുരുഷന്മാര് ഈ രംഗത്തുണ്ടെങ്കിലും മധുബനി പ്രാമാണികമായൊരു വികാസം നേടിയത് സ്ത്രീകളിലൂടെയാണ്. പെണ്മേല്ക്കോയ്മയുള്ള കലാരൂപമെന്നും മധുബനിയെ വിശേഷിപ്പിക്കാം.
മുമ്പ് മണ്‍കുടിലുകളുടെ ചുമരുകളില്‍ വര്‍ണം പകര്‍ന്ന മധുബനി പിന്നീട് വസ്ത്രങ്ങളിലേക്കും കരകൗശലവസ്തുക്കളിലേക്കും ക്യാന്വാസുകൡലേക്കും ചുവടുമാറി. വന്‍നഗരങ്ങളിലെ കൊട്ടാരസമാനമായ കെട്ടിടച്ചുമരുകള്ക്കും റെയില്‍വേ കോച്ചുകള്‍ക്കും മധുബനിയിപ്പോള് ചന്തം ചാര്‍ത്തുന്നു. 1960 കളില്‍ ബീഹാറിലുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും ക്ഷാമവുമാണ് മധുബനിയെ നിത്യനിവൃത്തിക്കായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകളെ പ്രേരിപ്പിച്ചത്.
മധുബനിയിലെ പ്രതി പാദ്യങ്ങള്‍
‘കാട്ടുതേന്‍’ എന്നാണ് മധുബനിയെന്ന വാക്കിനര്‍ഥം. മൂന്നു തരത്തിലുണ്ട് മധുബനി ചിത്രങ്ങള്‍. ഹിന്ദു പുരാണങ്ങളെ ആധാരമാക്കിയുള്ളവ, സാമൂഹിക പശ്ചാത്തലമുള്ളവ, പ്രകൃതിയെ പകര്‍ത്തുന്ന ചിത്രങ്ങള്‍. ശിവ ഭഗവാന്, രാധയും കൃഷ്ണനും, സരസ്വതി, ലക്ഷ്മി, ഗണേശന് തുടങ്ങിയ ദേവീദേവന്മാരാണ് പുരാണചിത്രങ്ങള്‍ക്ക് പ്രമേയമാകുന്നത്. വിളവെടുപ്പ്, ചന്തകള്‍, രാജസദസ്സുകള്‍, വിവാഹം, ഗ്രാമീണ ഭാരതത്തിന്റെ പരിഛേദങ്ങള്‍ എല്ലാം സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങളില്‍ ദൃശ്യമാണ്. സൂര്യചന്ദ്രന്മാരും പക്ഷിമൃഗാദികളും നിറയുന്നവയാണ് പ്രകൃതി ദൃശ്യങ്ങള്‍. ഇവയ്ക്കൊപ്പം തുളസിച്ചെടികളും ആല്മരങ്ങളും കാണാം.
പ്രകൃതി സമ്മാനിച്ച നിറങ്ങള്‍
പ്രാദേശികമായി കിട്ടുന്ന വസ്തുക്കളുപയോഗിച്ചാണ് മധുബനി ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഇലകളുടേയും പൂക്കളുടേയും ചാറുകള്‍ കൊണ്ട് നിറമൊരുക്കുന്നു. നീലനിറത്തിന് ശംഖുപുഷ്പം, പിങ്കിന് ബോഗെന്‍ വില്ല, പച്ചയ്ക്ക് അമരപ്പയറിന്റെ ഇല, മഞ്ഞയ്ക്ക് മഞ്ഞള്‍, വെള്ളയ്ക്ക് അരിപ്പൊടി എന്നിങ്ങനെയാണ് നിറങ്ങള്‍ കണ്ടെത്തുന്നത്.
മുള പരുവപ്പെടുത്തി ബ്രഷുകള്‍ ഉണ്ടാക്കുന്നു. വിരലില്‍ നിറം മുക്കിയും തീപ്പെട്ടി കമ്പുകൊണ്ടും ചിത്രം വരയ്ക്കാറുണ്ട്. കടും നിറത്തിലുള്ള ചായക്കൂട്ടുകള്‍ സംരക്ഷിക്കാന്‍ ചിത്രം വരയ്ക്കും മുമ്പ് പേപ്പറുകളില്‍ ചാണകം പ്രത്യേകരീതിയില്‍ ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ക്ക് കറുപ്പ് ഔട്ട്ലൈന് നല്കാന് ചാണകവും ചാരവും വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കും. ഇതുകൊണ്ട് പേപ്പറിന് അഥവാ ക്യാന്വാസിന് നല്കുന്ന കറുപ്പ് ഔട്ട് ലൈനുകള്‍ മായ്ച്ചു കളയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: