മോഹന കണ്ണന്‍
ഇവിടെ ആഗ്രയില്‍ കൊട്ടകള്‍ പുറത്തുപോയതിനുശേഷം ശിവാജിയുടെ സ്ഥാനത്ത് ഹിരോജി കിടക്കുന്നുണ്ടായിരുന്നല്ലൊ, മദാരി കാലുതിരുമ്മിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. രക്ഷകഭടന്മാര്‍ ചോദിച്ചു-എന്താ ഇന്ന് രാജേ ദീര്‍ഘ നിദ്രയിലാണല്ലൊ! എന്ന്. മദാരി, അന്തിമ നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കയാണ് എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധ്യമല്ല എന്ന്, കരഞ്ഞുകൊണ്ട് പറഞ്ഞു.
വീണ്ടും കുറച്ചുമണിക്കൂറുകള്‍ കഴിഞ്ഞു. എല്ലാടവും കൂരിരുട്ടായി. കിടന്നിരുന്ന മഹാരാജാവ് പതുക്കെ എഴുന്നേറ്റു. അവിടുത്തെ വിരിപ്പും പുതപ്പും തലയിണകളും ഉപയോഗിച്ച് മനുഷ്യരൂപത്തിലാക്കി കട്ടിലില്‍ കിടത്തി അതിനെ പുതപ്പിച്ചു. മൂന്നാമത്തെ രാജാവ് കട്ടിലില്‍ കിടന്നു. പെട്ടെന്ന് ഹിരോജി സാധാരണ വേഷത്തില്‍ മദാരിയുമായി പുറത്തേക്ക് പുറപ്പെട്ടു. മുഖ്യ കവാടത്തില്‍ കാവല്‍ക്കാര്‍ എവിടെപ്പോകുന്നു? എന്ന് ചോദ്യം ചെയ്തു. ഹിരോജി ഗൗരവത്തോടെ പറഞ്ഞു, ശിവരാജേയുടെ സ്ഥിതി ചിന്താജനകമാണ്, അങ്ങോട്ടേക്ക് ആരേയും കയറ്റിവിടരുത്. ഞങ്ങള്‍ പോയി ഔഷധവുമായി വരാം എന്നും പറഞ്ഞ് വ്യാപാരകേന്ദ്രത്തിന്റെ ഭാഗത്തേക്ക് നടന്നുപോയി. മദാരി മിണ്ടാതെ അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നാലവര്‍ ഔഷധം കൊണ്ടുവന്നില്ല. മഹാരാജാവാകട്ടെ രാത്രി മുഴുവന്‍ കട്ടിലില്‍ ശാന്തമായി ഉറങ്ങിക്കിടന്നു. പുറത്ത് നൂറ് കണക്കിന് പഠാണി ഭടന്മാര്‍ വാളുമായി ജാഗരൂകരായി കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു.
ആഗസ്റ്റ് മാസം 18-ാം തീയതി സൂര്യനുദിച്ചു. അന്നാണ് ഔറംഗസേബിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ സുദിനം. പുലര്‍ന്നിട്ട് ഏറെ സമയമായി. എല്ലായിടവും നിശ്ശബ്ദത മാത്രം. ശ്മശാനമുകത കണ്ട് രക്ഷാഭടന്മാര്‍ ഭയത്തോടെ, എന്ത് സംഭവിച്ചു എന്നറിയാതെ പോളാദഖാനെ വിവരം അറിയിച്ചു. അതുകേട്ട ഖാനും പരിഭ്രാന്തനായി. അയാള്‍ ശിവാജിയുടെ മുറിയിലേക്കോടി. എന്താണിത്? ഒരനക്കവും ഇല്ലല്ലൊ! ശ്വാസോച്ഛാസവും ഉണ്ടെന്നു തോന്നുന്നില്ല. ശിവ മരിച്ചോ!! മരിച്ചെങ്കില്‍ ഒരു ബാധ ഒഴിവായി. അകത്ത് കടന്ന് പതുക്കെ മഹാരാജാവിന്റെ പുതപ്പ് മാറ്റി നോക്കി. എന്താണവിടെക്കണ്ടത്? അരേ അല്ലാഹ്!! ശിവ കൈവിട്ടുപോയി. എങ്ങോട്ട് പോയി വായുവില്‍ കൂടി പറന്നുപോയോ? ഭൂമി പിളര്‍ന്നു പോയോ? എന്തു ചെയ്യണമെന്നറിയാതെ ഖാന്‍ രാമസിംഹനെ വിവരം അറിയിച്ചു. രാമസിംഹനും ഇടിവെട്ടേറ്റതുപോലെയായി. എന്നാലാവാര്‍ത്ത അയാളെ ദുഃഖിപ്പിച്ചില്ല. രാമസിംഹന്‍ തലകുനിച്ച്, ആനന്ദസാഗരത്തിലാറാടിക്കൊണ്ടിരുന്ന ഔറംഗസേബിന്റെ മുന്നില്‍ ചെന്നു നിന്നു. എന്താ ഇങ്ങനെ മിണ്ടാതെ നില്‍ക്കുന്നതെന്ന് ചോദിച്ചു ഔറംഗസേബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: