തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തുന്നതിനെ പരിഹസിച്ച് മന്ത്രി എം.എം. മണി. സെക്രട്ടറിയേറ്റ് പടിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തേയും വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തേയും പ്രക്ഷോഭങ്ങള്‍ ഐശ്വര്യമാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. കണ്ണൂരില്‍ ചടങ്ങില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധങ്ങളൊക്കെ ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണ്. അത് നടക്കട്ടെ, പത്തോ പന്ത്രണ്ടോ പതിനഞ്ചോ വര്‍ഷമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയത് പാപമാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. അത് മനുഷ്യത്വമാണെന്നാണ് കരുതുന്നത്. എല്ലാം ചുമ്മാ ബഡായിയടിയല്ലേ, വല്ല കാര്യോവുമുണ്ടോ. പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കില്‍ പിന്നെ എന്താ ഒരു ഐശ്വര്യം. ഇത് ഞങ്ങടെ ഐശ്വര്യമാണ്. അതൊന്നും വല്യ പ്രശ്നമല്ല. സമരങ്ങളൊക്കെ നടക്കട്ടെ എന്നായിരുന്നും മണിയുടെ പ്രസ്താവന.
സംസ്ഥാന സര്‍ക്കാരിന്റെ നിയമ വിരുദ്ധ പ്രകടനങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയും, കെഎസ്യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി വരികയാണ്. അതിനിടെ സര്‍ക്കാര്‍ തസ്തികകളിലെ ചട്ട വിരുദ്ധ നിയമനങ്ങള്‍ വീണ്ടും പുറത്തുവരുന്നുമുണ്ട്.
അതിനിടെ മാണി സി. കാപ്പന് ജനപിന്തുണ ഇല്ലാത്ത നേതാവാണെന്നും മണി പ്രതികരിച്ചു. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പന് സിനിമക്കാര്‍ക്ക് പിന്നാലെ പോവുകയായിരുന്നു. സിപിഎം നേതാക്കള്‍ കഷ്ടപ്പെട്ടാണ് കാപ്പനെ പാലായില്‍ ജയിപ്പിച്ചത്. കാപ്പന് പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: