കൊല്ലം: ജില്ലയിലെ ഗവ. കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശിക 600 കോടി രൂപ. മൂന്നുവര്‍ഷത്തിനിടയില്‍ ജീവനൊടുക്കിയത് അഞ്ച് കരാറുകാര്‍. രണ്ടായിരത്തോളം ചെറുകിട കരാറുകാരാണ് ജില്ലയിലുള്ളത്. ഇതില്‍ ബഹുഭൂരിഭാഗവും ഇപ്പോള്‍ കുടിശിക ലഭിക്കാത്തത് കാരണം പ്രതിസന്ധിയിലും കടക്കെണിയിലുമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കുടിശിക ഇടക്കാലത്ത് ലഭിച്ചെങ്കിലും രണ്ടര വര്‍ഷമായി കരാര്‍തുക പൂര്‍ണമായും കുടിശികയാണ്. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള തുക വര്‍ധിച്ചതോടെ പലരും വന്‍കടക്കെണിയിലാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടാണ് കോണ്‍ട്രാക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലത്ത് എല്ലാ മേഖലയിലും സാമ്പത്തിക സഹായം നല്‍കിയിട്ടും കടക്കെണിയില്‍ ഉഴലുന്ന ഗവ.കോണ്‍ട്രാക്ടര്‍മാരോട് നീതി കാട്ടിയില്ലെന്നാണ് ആരോപണം.
ഇവര്‍ക്ക് കുടിശിക തുക ഭാഗികമായെങ്കിലും നല്‍കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. എന്നാല്‍ തുക നല്‍കുമെന്ന വാഗ്ദാനം നിരന്തരം മുഖ്യമന്ത്രിയില്‍ നിന്നും വകുപ്പുമന്ത്രിയില്‍ നിന്നും ഉണ്ടാകുകയും ചെയ്തു. ഈ തുക ഊരാളുങ്കലിനും പാര്‍ട്ടിക്ക് സ്വീകാര്യരായ കരാറുകാര്‍ക്കും മാത്രമാണ് ലഭിച്ചതെന്നും ആക്ഷേപമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലും രണ്ടായിരത്തോളം വരുന്ന ചെറുകിട ഗവ. കോണ്ട്രാക്ടര്മാരുടെ കുടിശിക നല്കാന് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. റോഡും പാലവുമടക്കം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിര്‍മാണങ്ങളുടെ കരാറുകള്‍ ഏറ്റെടുത്ത് നടപ്പാക്കിയവര്‍ ഫലത്തില്‍ കടഭാരം കാരണം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണിപ്പോള്‍.
സംഘടിതമായ സമരത്തിന് സാധിക്കാത്ത വിധത്തില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായതും കരാറുകാരെ ബാധിച്ചു. കോവിഡിനൊപ്പം മേലില്‍ കരാര്‍ എടുക്കാനാവാത്ത വിധം വിലവര്‍ധനവും ഇവര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: