തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ ശ്രീധരിയെന്ന മധ്യവയസ്കയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഗോപാലകൃഷ്ണന് ശ്രീധരിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം ഓട്ടോയില്‍ നിന്നും തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീധരി ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, തലശ്ശേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മൂസ വള്ളിക്കാടന് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മണിക്കൂറുകള്‍ക്കുളളിലാണ് തലശ്ശേരി പോലീസ് കൊലപാതകക്കേസ് തെളിയിച്ചത്.
ഗോപാല്‍പേട്ട ഫിഷറീസ് കോമ്പൗണ്ടില്‍ പടിഞ്ഞാറെ പുരയില്‍ ശ്രീധരി (52) കൊല്ലപ്പെട്ട കേസിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കുകയും പ്രതിയും ശ്രീധരിയുടെ സുഹൃത്തുമായ ഗോപാല്‍ പേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) അറസ്റ്റ് ചെയ്യുകയും ചെയ്തത്. നേരത്തെ വധശ്രമത്തിന് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വധശ്രമത്തിനു പകരം കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പുതിയതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ എസ്ഐ അഷറഫ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഞായറാഴ്ച രാത്രി 8.30നാണ് ജെ. ടി റോഡില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണനിലയില്‍ ശ്രീധരിയെ പ്രദേശത്തുള്ളവര്‍ കണ്ടത്. ഇവരെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരന്നു. ആശുപത്രിയിലാണ് ഇവര്‍ മരണപ്പെട്ടത്.
സാധാരണ അപകടം എന്ന നിലയിലായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഓട്ടോറിക്ഷയില്‍ നിന്ന് സ്ത്രീയുടെ കരച്ചില് കേട്ടുവെന്ന പ്രദേശവാസിയുടെ മൊഴിയാണ് നിര്‍ണായകമായത്. ശ്രീധരിയേയും ഓട്ടോറിക്ഷയില്‍ ഇരുത്തി ഗോപാലകൃഷ്ണന് സെയ്ദാര്‍ പള്ളി വഴി ടെമ്പിള്‍ ഗേറ്റ് ഭാഗത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്നും പോലീസിനു ലഭിച്ചു. ഇടയ്ക്ക് സെയ്ദാര്‍ പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിര്‍ത്തുകയും ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ശ്രീധരിയെ അപകടപ്പെടുത്തിയശേഷം ഓട്ടോറിക്ഷയുമായി കടന്നു കളഞ്ഞ പ്രതി ശ്രീധരിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ എത്തുകയും സ്ട്രക്ച്ചറില്‍ കിടക്കുന്ന ശ്രീധരിയെ ചെന്നു നോക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ശ്രീധരി പ്രതിക്ക് വായ്പയെടുത്ത് നല്കിയ 20,000 രൂപ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: