ബീജിങ് : നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് അന്താരാഷ്‌ട്ര മാധ്യമമായ ബിബിസി ന്യൂസിന് ചൈന വിലക്കേര്‍പ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയെന്ന് ആരോപിച്ച് ചൈനീസ് ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.
ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡിന്റെ ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തി. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് ചൈനീസ് ഫിലിം ടിവി ആന്‍ഡ് റേഡിയോ അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധം ആയിരിക്കണമെന്നും ചൈനയുടെ രാഷ്‌ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു. അതിനാല്‍ ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ അനുവദിക്കുകയില്ല. കൂടാതെ പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ ബിബിസി അധികൃതരില്‍ നിന്നും സ്വീകരിക്കുകയില്ലെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.
ചൈനയിലെ മിക്കവാറും ടിവി ചാനല്‍ പാക്കേജുകളിലും ബിബിസി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹോട്ടലുകളിലും റസിഡന്‍സ് ഏരിയകളിലും ബിബിസി ചാനല്‍ ലഭ്യമായിരുന്നു. ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബിബിസിയുടെ പ്രതികരണം. ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വാര്‍ത്തചാനലാണെന്നും പേടിയും പക്ഷഭേദവും ഇല്ലാതെ സത്യസന്ധമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിബിസി വക്താവ് പറഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയതിനെ യുഎസും അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ചൈനീസ് ടെലികോം ഗ്രൂപ്പായ ഹുവായിയുടെ 5ജി നെറ്റ്‌വര്‍ക്കിന് ലൈസന്‍സ് നല്‍കാന്‍ ബ്രിട്ടണ്‍ വിസമ്മതിക്കുകയും ചാരപ്രവര്‍ത്തികളെ ഭയന്ന് ഇതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഇരുരാജ്യങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തി. കൂടാതെ കോവിഡ് വ്യാപനം തടയുന്നതില്‍ ഷിജിന്‍പിങ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: