ബഹുമാനപ്പെട്ട ചെയര്മാന്, മാന്യ പ്രധാനമന്ത്രി, ഡപ്യൂട്ടി ചെയര്മാന് തുടങ്ങി ഈ സഭയിലെ എല്ലാവരുടേയും നല്ല വാക്കുകള്‍ക്ക് നന്ദി. പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക്. എന്തു പറയണം എന്ന് കുറേയേറെ ആലോചിച്ചു.
വിദ്യാര്‍ത്ഥി കാലത്താണ് ഞാനെന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജമ്മുവിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയിലാണ് ജനിച്ചതും വളര്‍ന്നതും. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മൗലാന അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവരുടെ രചനകളാണ് എന്നില്‍ ദേശസ്നേഹം നിറച്ചത്. സ്കൂള്‍ കാലത്ത് ദേശഭക്തി പഠിച്ചത് ഇവരെ കണ്ടാണ്. ”ഈ രാഷ്ട്രത്തിന്റെ രക്ഷയ്ക്ക് രക്തം ആവശ്യമുണ്ട്. എന്റെയീ ബലി വളരെ ചെറുതാണ്. അതു നല്കുന്നു”, ഈ വരികള്‍ സ്കൂളില്‍ വെച്ചു തന്നെ മനസ്സില്‍ കയറിക്കൂടിയിരുന്നു.
സ്കൂള്‍ ദിനങ്ങളില്‍ തുടങ്ങി 41 വര്‍ഷത്തെ നിയമസഭാ- പാര്‍ലമെന്റ് ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്ന കഥകള്‍ പറയണമെങ്കില്‍ ആഴ്ചകളെടുക്കും. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ജമ്മു കശ്മീരില്‍ ആഗസ്ത് 14നും (പാക് സ്വാതന്ത്ര്യ ദിനം) ആഗസ്ത് 15നും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്ന വളരെക്കുറച്ച് ആളുകളുടെ കൂട്ടത്തിലായിരുന്നു ഞാന്‍. ഒരിക്കലും പാക്കിസ്ഥാനിലേക്കു പോകാത്ത ഭാഗ്യവാന്മാരുടെ കൂടെയാണ് ഞാനുള്ളത്.
സ്വാതന്ത്ര്യത്തിന് ശേഷമാണ് ഞാന്‍ ജനിച്ചത്. പാക്കിസ്ഥാനിലെ കാര്യങ്ങളെക്കുറിച്ചു വായിച്ചറിയുമ്പോള്‍ ഹിന്ദുസ്ഥാനി മുസല്‍മാനായതില്‍ അഭിമാനം തോന്നാറുണ്ട് എനിക്ക്. ലോകത്തിലെ ഏതെങ്കിലും മുസ്ലിമിന് അഭിമാനം തോന്നണമെങ്കില്‍ അതു ഹിന്ദുസ്ഥാനിലെ മുസ്ലിമിന് മാത്രമായിരിക്കണം. അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും പ്രശ്നങ്ങള്‍ നാം കാണുന്നുണ്ട്. അവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമില്ല. പക്ഷേ അവര്‍ പരസ്പരം കലഹിച്ച് സംഘര്‍ഷമുണ്ടാക്കുകയാണ്. അയല്‍രാഷ്ട്രങ്ങളിലെ തിന്മകളില് നിന്ന് സുരക്ഷിതരാണു തങ്ങള്‍ എന്നതില്‍ ഇന്ത്യയിലെ മുസ്ലിംകള്ക്ക് സ്വയം അഭിമാനം തോന്നണം. ഇതിനുവേണ്ടി ഭൂരിപക്ഷ സമുദായവും സൗഹൃദത്തിന്റെ രണ്ടടി മുന്നോട്ടു വയ്ക്കണം.
ഞാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായശേഷം ആദ്യമായി പൊതുയോഗം വിളിച്ചത് പ്രശ്നബാധിതമായ സോപോറിലായിരുന്നു. ഇന്ന് അതാര്‍ക്കും ചിന്തിക്കാനാവില്ല. എന്റേത് ജമ്മു കശ്മീര്‍ ജനതയുടെ സര്‍ക്കാരായിരിക്കുമെന്നാണ് അന്നു ഞാന്‍ അവിടെ പ്രഖ്യാപിച്ചത്. എന്റെ സര്‍ക്കാരിലെ ഏതെങ്കിലുമൊരു മന്ത്രി മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ പ്രസംഗിച്ചാല്‍ ഞാനതില്‍ ലജ്ജിക്കുമെന്ന് ആ പ്രസംഗത്തില്‍ ഞാന്‍ വ്യക്തമാക്കി. ആ ചിന്താധാരയുടെ ആളാണ് ഞാന്‍.
മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയും സഞ്ജയ് ഗാന്ധിയുമില്ലായിരുന്നെങ്കില്‍ ഇന്നു ഞാനിവിടെ എത്തില്ലായിരുന്നു. അഞ്ചു പാര്‍ട്ടി അധ്യക്ഷര്‍ക്കൊപ്പവും നാലു പ്രധാനമന്ത്രിമാരുടെയും കീഴില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. 35-36 തവണ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള പാര്‍ട്ടി ഭാരവാഹിയായി പ്രവര്‍ത്തിച്ചു. ഈ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സിപിഎം നേതാവ് ജ്യോതിബസു, ഡിഎംകെ നേതാവ് എം.കരുണാനിധി, അണ്ണാ ഡിഎംകെ നേതാവ് ജയലളിത, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍, മുലായം സിങ് യാദവ്, പ്രകാശ് സിങ് ബാദല്‍, ജി.കെ. മൂപ്പനാര്‍, കെ.കരുണാകരന്, ഫറൂഖ് അബ്ദുള്ള, മുഫ്തി മുഹമ്മദ് സയീദ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി. മൂന്നു പ്രധാനമന്ത്രിമാരുടെ കീഴില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുമായി സവിശേഷമായ അടുപ്പമുണ്ടായിരുന്നു എനിക്ക്. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എം.എല്‍. ഫൊത്തേദാറിനോടും എന്നോടും ഇന്ദിരാഗാന്ധി പറയുമായിരുന്നു അടല്‍ജിയുമായി അടുപ്പം നിലനിര്‍ത്തണമെന്ന്. ബിജെപിയോട് അടുപ്പം ഉണ്ടാക്കണമെന്നായിരുന്നില്ല. അടല്‍ജിയോട് അടുപ്പം വേണമെന്നായിരുന്നു ഉപദേശിച്ചിരുന്നത്. രാജീവ്ഗാന്ധിയും പറയുമായിരുന്നു പ്രതിപക്ഷത്തോട് അടുപ്പം വേണമെന്ന്. 1991-1996 കാലത്ത് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായ വാജ്പേയിയില്‍ നിന്നു താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ആസാദ്. ഭൂരിപക്ഷ സര്‍ക്കാരല്ലാതിരുന്നിട്ടു കൂടി അടല്‍ജി പ്രതിപക്ഷ നേതാവായിരുന്ന ആ കാലഘട്ടമായിരുന്നു ഭരണപക്ഷത്തിന് ഏറ്റവും നല്ല കാലഘട്ടം. അത്രയേറെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതൃപദവിയുടെ മാന്യത.
ജീവിതത്തില്‍ അഞ്ചു തവണയേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. എന്റെ അച്ഛനമ്മമാര്‍ മരിച്ചപ്പോള്‍ കണ്ണുനീര് വന്നെങ്കിലും ഞാന്‍ പിടിച്ചുനിന്നു. എന്നാല്‍ സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണത്തിലും സുനാമിയുണ്ടായപ്പോഴും കശ്മീരില്‍ ഗുജറാത്തി ടൂറിസ്റ്റുകള്‍ക്കെതിരേ ഗ്രനേഡ് ആക്രമണമുണ്ടായപ്പോഴും എനിക്ക് ദുഃഖം നിയന്ത്രിക്കാനായില്ല. 2005ല്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴായിരുന്നു ഗുജറാത്തി വിനോദ സഞ്ചാരികള്‍ക്ക് നേര്‍ക്ക് കശ്മീരില്‍ ആക്രമണം നടന്നത്. ജീവന് നഷ്ടമായവരുടെ കുട്ടികള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോഴാണ് ജീവിതത്തില്‍ അത്രയുറക്കെ ഞാന്‍ കരയുന്നത്. ഈ നാട്ടില്‍ നിന്ന് ഭീകരവാദം ഇല്ലാതാവണം. ആയിരക്കണക്കിന് നമ്മുടെ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പൗരന്മാര് മരിച്ചുവീണു. നിരവധി പെണ്‍കുട്ടികള്‍ അനാഥരായി. ഭീകരവാദം ഇല്ലാതായാല്‍ ജോലിയും മറ്റും കശ്മീരിലെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നുറപ്പാണ്.
ഇന്നു ഞാന്‍ പ്രാര്‍ഥിക്കുന്നത് ഭീകരതയ്ക്ക് അന്ത്യം കുറിക്കണമേ എന്നാണ്. നൂറുകണക്കിന് പൊലീസ്, രക്ഷാസേനാംഗങ്ങള്‍ക്കാണ് ജീവന് നഷ്ടമായത്. നിരവധി സാധാരണക്കാരുടെയും ജീവന് പൊലിഞ്ഞു. ഞങ്ങളുടെ സഹോദരിമാരും അമ്മമാരും വിധവകളായി. ഞാന്‍ വിദ്യാര്‍ഥിയൂണിയന്‍ നേതാവായിരിക്കെ എനിക്ക് വോട്ട് ചെയ്തിരുന്നവരായിരുന്നു കശ്മീരി പണ്ഡിറ്റുകള്‍. ഇന്നവരെല്ലാം വേര്‍പിരിക്കപ്പെട്ടു. എന്റെ സഹപാഠികളെ കാണുമ്പോള്‍ എനിക്ക് പശ്ചാത്താപം തോന്നാറുണ്ട്. എല്ലാം പഴയതുപോലെയാക്കാന്‍ ഞങ്ങളെല്ലാം ചേര്‍ന്നു ശ്രമിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയിലേക്ക് തിരിച്ചു വരണം. അവിടെ സമാധാനം പുനസ്ഥാപിക്കപ്പെടണം.
ബഹുമാനപ്പെട്ട അധ്യക്ഷന്‍ ശ്രീ വെങ്കയ്യ നായിഡൂജീ, അങ്ങയോടൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയേറെ ധന്യനാണ്. അങ്ങ് ബിജെപി ദേശീയ അധ്യക്ഷനായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരുന്നപ്പോഴുമെല്ലാം അടുത്ത് പ്രവര്‍ത്തിച്ചു. ഉപരാഷ്ട്രപതിയെന്ന നിലയിലും രാജ്യസഭാ ചെയര്മാന് എന്ന നിലയിലും അങ്ങില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളും പരിഗണനയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നു. മാന്യ പ്രധാനമന്ത്രി ജീ, താങ്കളൊരിക്കലും മോശമായി എന്നെ കണക്കാക്കിയിട്ടില്ല. പലപ്പോഴും എതിര്‍ഭാഗത്തായിരുന്നു. എന്നാല്‍ ഒരിക്കലും വ്യക്തിപരമായിരുന്നില്ല. വ്യക്തിപരമായ നല്ല ബന്ധം എപ്പോഴും തുടര്‍ന്നു. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: