ചാവക്കാട്: സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസില്‍ സ്റ്റേഷനില്‍ ജാമ്യം എടുക്കാന്‍ എത്തിയശേഷം പോലീസിനെ ആക്രമിച്ച് ഓടിരക്ഷപ്പെട്ട അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുള്ള (57) പിടിയിലായി.
അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ വിവിധ ഷോറൂമുകളില്‍ നിക്ഷേപിച്ച കോടികണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അബ്ദുള്ള 2020 നവംബര്‍ ഏഴിനാണ് ജാമ്യമെടുക്കാന്‍ ചാവക്കാട് സ്റ്റേഷനിലെത്തിയത്. 15ഓളം കേസുകളില്‍ പ്രതിയായ അബ്ദുള്ള ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കേസില്‍ ജാമ്യമനുവദിച്ച പോലീസ് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ തട്ടിമാറ്റി ഇറങ്ങിയോടിയത്.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ജാമ്യമില്ലാ വാറണ്ട് ഉണ്ടെന്ന് മനസിലായതിനെ തുടര്‍ന്നായിരുന്നു ഇത്. പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഉടമയില്‍ നിന്ന് 12 കോടി തട്ടിയ കേസില്‍ ആണ് ആദ്യമായി അബ്ദുള്ള പോലീസിന്റെ പിടിയില്‍ ആയത്. സംസ്ഥാനത്തിന് പുറത്ത് മാറി മാറി ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുള്ളയെ അന്ന് പെരുമ്പാവൂര്‍ സിഐ.ബൈജു പൗലോസ് ആണ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് മറ്റു സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ നല്കിയ കേസുകളില്‍ ഇയാളെ പ്രതി ചേര്‍ക്കുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ പദ്ധതി പോലെ പ്രതിയെ കൊണ്ടുപോകാന്‍ കറുത്ത നിറത്തിലുള്ള കാര്‍ ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിലേക്ക് ഓടിച്ചുവരികയും സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ പ്രതി ഡോര്‍ തുറന്ന് കാറില്‍ കയറി പക്ഷപ്പെടുകയുമായിരുന്നു. ഇയാള്‍ക്ക് പിന്നാലെ പോലീസുകാരായ നന്ദന്, ശരത്ത്, വിബിന് എന്നിവര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അബ്ദുള്ളയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിടിച്ച് സിപിഒ നന്ദന് കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുറന്ന ഡോറില്‍ പോലീസുകാര്‍ പിടിമുറുക്കിയെങ്കിലും കയറാനായില്ല.പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അബ്ദുള്ളയ്ക്കെതിരെയും കാറോടിച്ചയാള്‍ക്കെതിരെയും ചാവക്കാട് പോലീസ് കേസെടുത്തിരുന്നു. ചാവക്കാട് എസ്എച്ച്ഒ അനില്‍കുമാര്‍ ടി.മേപ്പിള്ളി, എസ്ഐ സി.കെ.നൗഷാദ്, എഎസ്ഐ മാരായ സജിത്ത്, ബാബു, ആഷിഖ്, ശരത്ത്, മിഥുന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: