തൃശൂര്‍: തൃശൂര്‍ നഗരം കേന്ദ്രീകരിച്ചു വാടകക്ക് വീടെടുത്തു കഞ്ചാവ് മൊത്ത വിതരണം നടത്തിയിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. പൊങ്ങണംകാട് സ്വദേശി അനീഷിനെ (33) ആണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടര കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
ആന്ധ്രാപ്രദേശില്‍ നിന്നു മൊത്തമായി കഞ്ചാവ് സംഭരിച്ചു വില്പന നടത്തുന്ന വന്‍സംഘത്തിലെ പ്രധാന കണ്ണിയാണ് അനീഷെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യക്കാര്‍ക്ക് മൊബൈലില്‍ വില പറഞ്ഞു ഉറപ്പിച്ച ശേഷം തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്.
എളനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ അനീഷ്. ഓണ്‍ലൈനില്‍ പണമിടപാട് നടത്തി പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം തൃശൂര്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആവശ്യക്കാരോട് വരാന്‍ പറയുകയും അവിടെ വച്ചു കഞ്ചാവ് കൈമാറ്റം നടത്തുകയുമാണ് പ്രതി ചെയ്യാറുള്ളത്. സംശയം തോന്നാതിരിക്കാന്‍ തിരക്കുള്ള സ്ഥലങ്ങളും യുവാക്കള്‍ കൂടുതലായി വന്നുപോകുന്ന കൂള്‍ ബാറുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളുമാണ് ഇടപാടിനായി തിരഞ്ഞെടുക്കുക.
ഇയാളുടെ കൂട്ടാളികളായ മറ്റു രണ്ടുപേരും ആന്ധ്രയില്‍ നിന്നു വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും ശേഖരിച്ച് തൃശൂര്‍, എറണാകുളം ജില്ലകളില്‍ ആവശ്യക്കാരെ കണ്ടെത്തി മൊത്തമായി വിതരണം ചെയ്യാറുണ്ട്. കഞ്ചാവ് വില്പന സംഘത്തിന്റെ നീക്കം രഹസ്യമായി എക്സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയായിരുന്നു. കൈമാറ്റ കേന്ദ്രങ്ങള്‍ പ്രതികള്‍ മാറി മാറി തിരഞ്ഞെടുക്കുന്നതിനാല്‍ ഒരേസമയം സംഘങ്ങളായി തിരിഞ്ഞ് ഇവരുടെ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കണ്ടെടുത്തു.
മാസത്തില്‍ മൂന്നു തവണ ആന്ധ്രയില്‍ പോയി വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരാറുണ്ടെന്ന് എക്സൈസിനോട് പ്രതി പറഞ്ഞു. സംഘത്തിലുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അസി.എക്സൈസ് കമ്മിഷണര്‍ വി.സലിം അറിയിച്ചു. പ്രിവന്റിവ് ഓഫീസര്‍മാരായ സി.യു ഹരീഷ്, കെ.എം സജീവ്, ടി.ആര് സുനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍മാരായ കൃഷ്ണപ്രസാദ്, ടി.ആര് സുനില്‍, ഷാജു, ബിബിന്‍ ചാക്കോ, സനീഷ്കുമാര്, ജെയ്സന് ജോസ്, വിപിന്‍ എന്നിവരും പ്രതിയെ പിടിക്കൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: