ന്യൂദല്‍ഹി : കത്വ കേസ് വാദിച്ച അഭിഭാഷക ദീപിക സിങ് രജാവത് പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങിയതായി ഇരയുടെ കുടുംബം. സൗജന്യമായി വാദിക്കാമെന്ന് പറഞ്ഞാണ് ദീപിക കേസ് ഏറ്റത്. പിന്നീട് ഒന്നര ലക്ഷം രൂപ ചെക്കായും പണമായും കൈപ്പറ്റുകയായിരുന്നെന്ന് കത്വ പെണ്‍കുട്ടിയുടെ വളര്ത്തച്ഛന് സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.
പ്രതിഫലം വാങ്ങാതെ കേസ് വാദിക്കാമെന്നാണ് ദീപിക അറിയിച്ചതെങ്കിലും വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദല്‍ഹിയില്‍ വെച്ച് ചെക്കായും പണമായും ഒന്നരലക്ഷത്തില്‍ അധികം രൂപ നല്കി. ദല്‍ഹിയില്‍ വെച്ചാണ് പണം കൈമാറിയത്.
എന്നാല്‍ കത്വ കേസ് താന്‍ പ്രതിഫലം വാങ്ങാതെയാണ് വാദിച്ചതെന്നാണ് ദീപിക മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് നുണയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഇനൂറ്റിപ്പത്ത് തവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ രണ്ട് തവണ മാത്രമാണ് അവര്‍ കോടതിയില്‍ ഹാജരായത്. അതിനാല്‍ അവരുടെ വക്കാലത്ത് ഒഴിവാക്കേണ്ടി വന്നു. നിലവില്‍ മുബീന് ഫറൂഖിയാണ് കേസിലെ അഭിഭാഷക. ഫറൂഖിയുടെ കേസ് നടത്തിപ്പില്‍ തങ്ങള്‍ തൃപ്തരാണെന്നും പെണ്‍കുട്ടിയുടെ വളര്ത്തച്ഛന് അറിയിച്ചു.ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കാന് ദല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കത്വ- ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എന്ന പേരില്‍ ഒരുകോടിയിലധികം മുസ്ലിം ലീഗ് പിരിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിരിച്ചെടുത്ത പണം പി.കെ. ഫിറോസും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും ദുര്‍വിനിയോഗം ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: