ചവറ: തെക്കുംഭാഗം ഞാറമ്മൂട്ടില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ദേവകി (75) യുടെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ ബലം പ്രയോഗിച്ചത് മൂലം ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൃദ്ധയുടെ മകനായ രാജേഷും മരുമകള്‍ ശാന്തിനിയും പോലീസ് പിടിയിലായത്.
അമ്മയുമായി സ്വത്ത് തര്‍ക്കത്തിലായിരുന്ന മകന് വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെ് വാദിച്ച പ്രതികള്‍ അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണ തെളിവുകള്‍ നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കരുനാഗപ്പളളി എസിപി കെ. സജീവിന്റെ നേതൃത്വത്തില്‍ തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ ആര്. രാജേഷ്കുമാര്‍, എസ്ഐമാരായ എം. സുജാതന്‍പിള്ള, പി.വി. വിജയകുമാര്‍, എഎസ്ഐമാരായ ഷാജിമോന്‍, ശ്രീകുമാര്‍, സജികുമാര്‍, സന്തോഷ്, ഹരികൃഷ്ണന്, സിപിഓ നസീറ, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ സുരേഷ്കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: