ആലപ്പുഴ: ആലപ്പുഴ വട്ടക്കായലില്‍ വിനോദയാത്രികരുമായുള്ള കായല്‍ യാത്രയ്ക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. സഞ്ചാരികള്‍ക്ക് കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ വേണ്ടി വട്ടക്കായലിലെ ഹൗസ് ബോട്ട് ടെര്‍മിനലില്‍ ബോട്ട് അടുപ്പിച്ച് സഞ്ചാരികള്‍ ബോട്ടില്‍ നിന്നും ടെര്‍മിനലിലേയ്ക്ക് ഇറങ്ങുന്ന സമയത്താണ് തീ പിടിച്ചത്. അതിനാല്‍ ബോട്ടിലുണ്ടായിരുന്ന 12 ഓളം സഞ്ചാരികള്‍ക്കും ഹൗസ് ബോട്ടിലെ ജീവനക്കാര്‍ക്കും പരിക്കുകളില്ലാതെ രക്ഷപെടാന്‍ കഴിഞ്ഞു.
മറ്റ് ഹൗസ് ബോട്ടിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഓടിയെത്താന്‍ കഴിയുന്ന വിധത്തില്‍ കരയോട് ചേര്‍ന്നുള്ള ഹൗസ് ടെര്‍മിനലില്‍ വെച്ചുള്ള തീപിടുത്തം ആയതിനാല്‍ പെട്ടെന്ന് നാട്ടുകാരും ഹൗസ് ബോട്ട് തൊഴിലാളികളും ചേര്‍ന്ന് കായലില്‍ നിന്നും ബക്കറ്റുകളില്‍ വെള്ളം കോരിയും ബോട്ടിലുണ്ടായിരുന്ന ചെറിയ പമ്പ് ഉപയോഗിച്ചും തീയണയ്ക്കുവാന്‍ സാധിച്ചതിനാല്‍ ഹൗസ് ബോട്ട് പൂര്‍ണ്ണമായും കത്തിനശിക്കാതെ സംരക്ഷിക്കുവാന്‍ കഴിഞ്ഞു. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ചെറിയബോട്ടില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ വട്ടക്കായലിലെ തീ പിടിച്ച ഹൗസ് ബോട്ടില്‍ എത്തി തീപ്പിടുത്തത്തിലൂടെ ഉണ്ടായ നഷ്ടങ്ങള്‍ രേഖപ്പെടുത്തുകയും ബോട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയും ചെയ്തു.
പുന്നമട സ്വദേശിയായ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കാട്ടിലമ്മ എന്ന ഹൗസ് ബോട്ടിന് 10ന് ഉച്ചയ്ക്ക് 12.20 നാണ് തീ പിടിച്ചത്. ബോട്ടിന്റെ അടുക്കളയ്ക്ക് സമീപമുള്ള ബെഡ് റൂമില്‍ നിന്നുമാണ് തീ കത്തിപ്പടര്‍ന്നത്. തീപിടുത്ത കാരണം വ്യക്തമല്ല. തൃശൂര്‍ സ്വദേശികളായ അഞ്ച് പുരുഷന്മാരും ആറു സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്നവരാണ് തീ പിടിച്ച ബോട്ടില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: