ഡോ. രാധാകൃഷ്ണന്‍ ശിവന്‍
മനുഷ്യ പുരോഗതിയില്‍ വാഹനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായി. സ്വന്തമായി വാഹനം എന്നത് സാര്‍വത്രികമായി . അത് കൊണ്ട് തന്നെ ആധുനികകാല ഗൃഹരൂപകല്പനയില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നായി കാര്‍ പോര്‍ച്ച് മാറി. ഇക്കാലത്തു വീടിനോട് ചേര്‍ന്നോ അല്ലാതെയോ കാര്‍പോര്‍ച്ചു നിര്‍മിക്കാറുണ്ട്.
ആധുനിക കാലത്തെ കാര്‍പോര്‍ച്ചുകളുടെ നിര്‍മാണം വാസ്തു ശാസ്ത്ര വിഷയമായിട്ടില്ലെങ്കിലും പ്രാചീന വാഹനങ്ങളുടെ നിര്‍മാണത്തെയും സ്ഥാനത്തേയും അളവുകളെയും കുറിച്ച് ഗ്രന്ഥപരാമര്‍ശങ്ങള്‍ ധാരാളം ഉണ്ട്. പ്രാചീന വാസ്തു ശാസ്‌ത്രോപദിഷ്ടമായ വാഹന സ്ഥാനങ്ങളിലാണ് കാര്‍പോര്‍ച്ചുകള്‍ക്ക് സ്ഥാനം കല്‍പ്പിക്കേണ്ടത്.
‘വാമഭാഗേ വാഹനം’ എന്ന പൊതു വാസ്തു നിയമപ്രകാരം വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഇടതുഭാഗത്തായിട്ടാണ് പോര്‍ച്ചിന് സ്ഥാനം കാണേണ്ടത്. എന്നാല്‍ വീടിനുള്ളില്‍ വരുന്ന രീതിയില്‍ നിര്‍മ്മിക്കുന്നുവെങ്കില്‍ മറ്റു നിയമങ്ങള്‍ കൂടി പരിഗണിച്ചു വേണം നല്‍കാന്‍. വീടിനു പോര്‍ച്ച് സ്ഥാപിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥാനം വടക്കു പടിഞ്ഞാറും, തെക്കു കിഴക്കും ആണ്. എല്ലായിടത്തും ചുറ്റുമതിലിനോട് ചേര്‍ത്ത് പണിയാതിരിക്കുകയാണുചിതം. വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തൂണുകള്‍ വരാത്ത വിധവും വേണം സ്ഥാപിക്കാന്‍.
സാമാന്യമായി ഗൃഹങ്ങളോട് ചേര്‍ന്ന് വരുന്ന കാര്‍പോര്‍ച്ചുകള്‍ ഒരു കാരണവശാലും തെക്കു പടിഞ്ഞാറു ഭാഗത്ത് ചെയ്യരുത്. നിരൃതികോണിലെ അടിത്തറയില്ലാത്തതും തുറന്നതുമായ കാര്‍പോര്‍ച്ചുകള്‍ ദോഷകരമായതിനാല്‍ അതിന് ശാസ്ത്രനിഷേധം ഉണ്ട്. നാലുകെട്ടുസമ്പ്രദായത്തില്‍ ശാലകളുടെ ഉത്തരം മുറിച്ചു പോര്‍ച്ചു കൊടുക്കുന്നതും ഉചിതമല്ല.
വീടിന് പുറത്താണ് പോര്‍ച്ചിന് സ്ഥാനം കാണുന്നതെങ്കില്‍ അത് സൂത്ര വേധം ഇല്ലാത്ത രീതിയില്‍ നിര്‍മിക്കണം. പ്രത്യേകിച്ച് മദ്ധ്യസൂത്ര, കര്‍ണസൂത്ര വേധങ്ങള്‍ ഒഴിവാക്കണം. പോര്‍ച്ചിന്റെ ഉയരം പ്രധാന ഗൃഹത്തേക്കാള്‍ കുറഞ്ഞിരിക്കുകയും വേണം.
ഗൃഹത്തിനോട് ചേര്‍ത്ത് പുറത്തേക്ക് തള്ളി നില്‍ക്കത്തക്ക വിധത്തിലാണെങ്കില്‍ ഏതു ഭാഗത്തും കാര്‍പോര്‍ച്ച് നല്‍കാവുന്നതാണ്. എന്നാലും പ്രധാന ദിക്കുകളിലേക്ക് തള്ളി പണിയുന്നതാണുചിതം. അകത്തേക്ക് കയറ്റി പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് ഒഴിച്ചുള്ള ദിക്കുകളിലും ചെയ്യാവുന്നതാണ്.
ഗൃഹത്തോടു ചേര്‍ന്ന് പോര്‍ച്ച് നല്‍കുന്നതിനേക്കാള്‍ പ്രത്യേകമായി പുറത്ത് പണിയുന്നതാണ് ആധുനിക രീതി. വാസ്തുപരമായും സൗന്ദര്യപരമായും ഒരു പരിധി വരെ ഇതാണ് ഉത്തമം. അടച്ചുറപ്പുള്ളതോ തുറന്നതോ ആയ പ്രത്യേകമായ നിര്‍മിതികള്‍ വീടിന്റെ സൗന്ദര്യത്തിനു വിഘാതമാകുന്നില്ല. ഗൃഹാന്തര്‍ഭാഗത്ത് കൂടുതല്‍ പ്രകാശവായു സംവേദനത്തിന് പുറത്തുള്ള കാര്‍പോര്‍ച്ചുകളാണ് കൂടുതല്‍ നല്ലത്. ഗൃഹവുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തത് ശുചിത്വപാലനത്തിനും നല്ലതാണ്. ഗൃഹനിര്‍മ്മാണ ചെലവ് ഒരു പരിധി വരെ കുറയ്‌ക്കാനും ഈ രീതി സഹായകമാണ്. എന്നാല്‍ ചെറിയ പുരയിടങ്ങളില്‍ ഈ രീതി സ്വീകാര്യമല്ല.
ഗൃഹത്തിനോടു ചേര്‍ന്ന് പോര്‍ച്ച് പണിയുമ്പോള്‍ ഗൃഹത്തിന്റെ ചുറ്റളവില്‍ ഉള്‍പ്പെടുത്തി ഉചിതമായ കണക്കില്‍ കൊടുക്കണം. പോര്‍ച്ച് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയെങ്കില്‍ പോര്‍ച്ച് ചേര്‍ന്നും തായ് പുര മാത്രമായും ഉത്തമമായ ദിക് യോനിപ്പെടുത്തിയ അളവിലാക്കണം.
നിര്‍മാണത്തില്‍ തറയില്ലെങ്കിലും വീടിന്റെ ഒരു ഭാഗമായി തന്നെ കാര്‍പോര്‍ച്ചിനെ കണക്കാക്കണം. അത് കൊണ്ട് തന്നെ കണക്ക് ഉചിതമായിരിക്കണം. സാധാരണയായി ചെറിയ വാഹനങ്ങള്‍ക്ക് 16 കോല്‍ 8 വിരല്‍ അളവിലും വലിയ വാഹനങ്ങള്‍ക്ക് കുറഞ്ഞത് 20 കോല്‍ 08 വിരല്‍ അളവിലും ഉള്ള പോര്‍ച്ച് ആവശ്യമാണ്. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ചു അളവുകള്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: