ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രപതിയുടെ പ്രസംഗത്തിനു പ്രധാനമന്ത്രി മറുപടി പറയുമ്പോഴായിരുന്നു ലോക്സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി ഇറങ്ങിപ്പോയത്. തുടര്‍ച്ചയായി പ്രസംഗം തടസപ്പെടുത്തിയപ്പോള്‍ പ്രതിപക്ഷത്തെ അതൃപ്തി അറിയിച്ച പ്രധാനമന്ത്രി സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു.
‘അധീര്‍ രഞ്ജന്‍ ജി, ഇത് വളരെ അധികമാണ്. ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു. ബംഗാളില്‍ ടിഎംസിയേക്കാള്‍ കൂടുതല്‍ പ്രശസ്തി താങ്കള്‍ക്ക് ലഭിക്കും. ഇത് നല്ലതാണെന്ന് തോന്നുന്നില്ല. എന്തുകൊണ്ടാണ് താങ്കള്‍ ഇത് ചെയ്യുന്നത്’- അധീര്‍ രഞ്ജന്‍ ചൗധരി തുടര്‍ച്ചായി തടസപ്പെടുത്തിയപ്പോള്‍ മോദി ചോദിച്ചു. ആസൂത്രിത തന്ത്രത്തിന്റെ ഭാഗമായാണ് ബഹളം വയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ബഹളങ്ങളും തടസപ്പെടുത്താനുള്ള ശ്രമങ്ങളും നല്ലപോലെ ആലോചിച്ചുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ബഹളമുണ്ടാക്കുക എന്നതാണ് തന്ത്രം. അല്ലെങ്കില്‍ കള്ളങ്ങളും ഊഹാപോഹങ്ങളും പുറത്തുവരും. സത്യം പുറത്തുവരികയും കാര്യങ്ങള്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും. ആളുകളുടെ ആത്മവിശ്വാസത്തെ ജയിക്കാന്‍ നിങ്ങള്‍ക്ക് അങ്ങനെ കഴിയില്ല.’- പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിന് വ്യത്യസ്ത നിലപാട് ആണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭിന്നതയും ആശയക്കുഴപ്പവുമുള്ള ഇതുപോലൊരു പാര്‍ട്ടിക്ക് രാജ്യത്തിനുവേണ്ടി നല്ലതൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: