തിരുവനന്തപുരം: വിനോദ സഞ്ചാര പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ചിരുന്ന പണം കേരളം ചെലവഴിക്കാതെ പാഴാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വിനോദ സഞ്ചാര പദ്ധതികള്‍ക്ക് കാലത്ത് പ്രത്യേക പാക്കേജ് അനുവദിച്ചോ എന്ന് ആലപ്പുഴ എം.പി എ.എം ആരിഫ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തിന് അനുവദിച്ച വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കിയിരുന്നോ എന്ന് എം.പി ആരാഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്ന് അദേഹം പറഞ്ഞു.
ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി സര്‍ക്കാര്‍ തുടക്കമിട്ടതാണ് സ്വദേശി ദര്ശന് പദ്ധതി. ഇതില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന് അനുവദിച്ച തുകയുടെ വിവരങ്ങള്‍ ഇങ്ങിനെ. ശബരിമല വികസനത്തിനും , എരുമേലി- പമ്പ- സന്നിധാനം- തീര്‍ത്ഥാടന സര്‍ക്യൂട്ടിനുമായി 2016-17 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 100 കോടി രൂപ. എന്നാല്‍ 2018-19 വര്‍ഷത്തിലും 2020-201 വര്‍ഷത്തിലും ഒരു രൂപപോലും ഇതില്‍ നിന്ന് ചിലവഴിച്ചിട്ടില്ല. പദ്ധതിയുടെ 10 ശതമാനം മാത്രമാണ് ഇത് വരെ പൂര്‍ത്തീകരിച്ചത്.
ഇതേ പദ്ധതിയുടെ ഭാഗമായി ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനും പണം വകയിരുത്തിയിരുന്നെങ്കിലും മറ്റ് പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇത് റദ്ദാക്കപ്പെട്ടു. പിന്നീട് താനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെട്ടിന്റെ അടിസ്ഥാനത്തില്‍ ശിവഗിരി സര്‍ക്യൂട്ട് പുന:സ്ഥാപിക്കുകയും 69.47 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ഇതേ പട്ടികയില്‍ വരുന്ന മലബാറിലെ വിനോദ സഞ്ചാര പദ്ധതിക്ക് 80.37 കോടി അനുവദിച്ചതും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.
ലക്ഷകണക്കിന് വരുന്ന ശബരിമല ,ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന വലിയ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിച്ച് നശിപ്പിക്കുന്നത്. ശബരിമലയുടെ പേരില്‍ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അപ്പുറം വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും സര്‍ക്കാരിനില്ലെന്നതിന് ഇതില്പരം തെളിവ് ആവശ്യമില്ല. ശബരിമലയുടെ പേരില്‍ വീണ്ടും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സിപിഎമ്മിന്റെ നീക്കം തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നുറപ്പാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: